ബംഗ്ലാദേശിലേത് ജനകീയമുന്നേറ്റം; മുതലെടുപ്പ് നടത്താന്‍ വലതുപക്ഷം ശ്രമിക്കുന്നു; ഷെയ്ഖ് ഹസീന ഏകാധിപതി; ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

ബംഗ്ലാദേശിലെ ജനകീയമുന്നേറ്റം അവസരമായി കണ്ട് വിദേശശക്തികളുടെ സഹായത്തോടെ മുതലെടുപ്പ് നടത്താന്‍ വലതുപക്ഷവും മതമൗലികവാദ ശക്തികളും നടത്തുന്ന ശ്രമം പരാജയപ്പെടുത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ ജനാധിപത്യ, മതനിരപേക്ഷ ശക്തികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണം. അഴിമതിയില്‍ മുങ്ങിയ, ഏകാധിപത്യസ്വഭാവത്തില്‍ നീങ്ങിയ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ നയിച്ച ജനകീയപ്രക്ഷോഭത്തിലാണ് പുറത്താക്കപ്പെട്ടത്. ജനകീയപ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട 300ല്‍പരം പേരുടെ വിയോഗത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പോളിറ്റ് ബ്യുറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ബംഗ്ലാദേശില്‍ എത്രയും വേഗം ഇടക്കാല സര്‍ക്കാറിന് രൂപം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി നിര്‍ദേശിച്ചു. ബംഗ്ലാദേശില്‍ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി വേണം. അതിനായി എത്രയും വേഗം ഇടക്കാല സര്‍ക്കാറിന് രൂപം നല്‍കുകയും വൈകാതെ ജനാധിപത്യ പ്രക്രിയയിലൂടെ പൊതുതെരഞ്ഞെടുപ്പ് നടത്തി സ്വതന്ത്രവും നീതിയുക്തവുമായ ഭരണക്രമം ഉറപ്പുവരുത്തുകയും വേണമെന്നും അദേഹം പറഞ്ഞു. നിരപരാധികളായ പൗരന്മാര്‍ക്കെതിരായ പ്രത്യേകിച്ച്, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിച്ചു. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളില്‍ അദേഹം ആശങ്ക രേഖപ്പെടുത്തി.

ബംഗ്ലാദേശിലെ ആഭ്യന്തര സാഹചര്യം മേഖലക്കും അയല്‍രാജ്യങ്ങള്‍ക്കും സുരക്ഷാ ഭീഷണിയായി മാറാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. രാജ്യത്ത് സമാധാനവും ക്രമവും പുനഃസ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് കലാപം കൈവിട്ടു പോയപ്പോള്‍ പ്രതിഷേധക്കാരോടും പൊതുജനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം, ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ സമാധാന നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസിനെ രാഷ്ട്രപതി നിയമിച്ചു. രാജ്യത്ത് പ്രക്ഷോഭം നടത്തിയിരുന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തീരുമാനിക്കും.