സ്‌കൂട്ടറിന് പോകാന്‍ വഴി നല്‍കിയില്ല; ക്യാബ് ഡ്രൈവറുടെ മുഖത്തടിച്ച് യുവതി

ഇരുചക്ര വാഹനത്തിന് പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്ന് ക്യാബ് ഡ്രൈവറുടെ മുഖത്തടിച്ച് യുവതി. ഡല്‍ഹിയിലാണ് സംഭവം.തന്റെ വാഹനത്തിന് കടന്നു പോകുവാന്‍ വഴി നല്‍കിയില്ല എന്ന് ആരോപിച്ച് യുവതി തുടര്‍ച്ചയായി അഞ്ച് തവണ ഡ്രൈവറുടെ മുഖത്ത് അടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് കണ്ടു നിന്നവരില്‍ ഒരാള്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

ഗതാഗതകുരുക്കിനെ തുടര്‍ന്ന് സ്‌കൂട്ടറുമായി കടന്നു പോകാന്‍ ശ്രമിക്കുന്ന യുവതിയ്ക്ക് ക്യാബ് ഡ്രൈവര്‍ വഴി നല്‍കിയില്ല. ഇതില്‍ അരിശം പൂണ്ട യുവതി ഡ്രൈവറോട് അസഭ്യം പറയുകയും അയാളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി മുഖത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഡ്രൈവറെ അടിക്കരുതെന്ന് കൂടിനില്‍ക്കുന്നവര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിയ്ക്കാതെ യുവതി കയ്യേറ്റം തുടര്‍ന്നു. ഡ്രൈവറോട് ക്ഷുഭിതയായി സംസാരിക്കുന്ന യുവതി തുടര്‍ച്ചയായി അഞ്ചു തവണ ഇയാളുടെ മുഖത്തടിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച വഴിയാത്രക്കാരന് യുവതി മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. രണ്ടു യുവതികളാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്.