ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. കൊലപാതകം സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നുവെന്ന് വെളിപ്പെടുത്തിയ പ്രതി മുക്തി രഞജൻ റോയിയുടെ ഡയറിക്കുറിപ്പ് കണ്ടെത്തി. സ്വയരക്ഷയ്ക്കായാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി ഡയറിയിൽ കുറിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട മഹാലക്ഷ്മി തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞായിരുന്നു കൊലപാതകമെന്നും ഡയറിയിൽ പറയുന്നു. മഹാലക്ഷ്മി തന്നെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട് കേസിലാക്കി തള്ളാൻ പദ്ധതിയിട്ടിരുന്നുവെന്ന് റോയി പറയുന്നു. ഇതിനായി കറുത്ത സ്യൂട്ട് കേസ് മഹാലക്ഷ്മി വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും കുറിപ്പിലുണ്ട്. താൻ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ അവൾ തന്നെ കൊലപ്പെടുത്തിയേനേയെന്നും ഡയറിയിലുണ്ട്.
യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. മഹാലക്ഷ്മിയെ താനാണ് കൊലപ്പെടുത്തിയതെന്ന് ആത്മഹത്യാ കുറിപ്പിൽ റോയ് വ്യക്തമാക്കിയിരുന്നു. തന്റെ ആവശ്യങ്ങൾ നടത്തി നല്‍കിയില്ലെങ്കില് മഹാലക്ഷ്മി തന്നെ മർദ്ദിക്കുമായിരുന്നുവെന്നും യുവാവ് കുറിച്ചിരുന്നു. കല്ല്യാണത്തിനായി മഹാലക്ഷ്മി സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നു. മഹലാക്ഷ്മിയുടെ ആവശ്യങ്ങൾ പ്രതിദിനം ഉയരുകയായിരുന്നു. ഏഴ് ലക്ഷം രൂപ വില വരുന്ന സ്വർണമാല സമ്മാനം നൽകിയിട്ടും തന്നെ മർദ്ദിക്കുമായിരുന്നുവെന്നും യുവാവ് കുറിച്ചു.
ത്രിപുര സ്വദേശിയായ മഹാലക്ഷ്മി ബംഗളൂരുവിലെ സ്വകാര്യ മാളിൽ ജോലി ചെയ്ത് വരികയായിരുന്നു, ഇവിടെ വെച്ചാണ് റോയിയും മഹാലക്ഷ്മിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും, സെപ്റ്റംബർ ഒന്നിനായിരുന്നു അവസാനമായി ഇരുവരും ജോലി സ്ഥലത്ത് എത്തിയത്. ആഴ്ചകൾക്ക് ശേഷം അയൽവാസികളാണ് മഹാലക്ഷ്മിയുടെ മുറിയിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി കുടുംബത്തെ വിവരമറിയിച്ചത്. കുടുംബമെത്തിയപ്പോഴാണ് യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ സംഭവം പുറത്തറിയുന്നത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കുന്നതിനിടെ റോയ് ഒഡീഷയിലെ ജന്മനാട്ടിലേക്ക് കടന്നിരുന്നു. ഇവിടെ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പേ റോയ് ആത്മഹത്യ ചെയ്യുകയായിരുന്നു.