അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മാലിവാളിനെ പിന്തുണച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ച് അതിക്രമം നേരിട്ടതിന് ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് സ്വാതി കടന്നുപോകുന്നതെന്ന് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന പറഞ്ഞു.

കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ മെയ് 13ന് തന്നെ ശാരീരികമായി ആക്രമിച്ചെന്നായിരുന്നു സ്വാതിയുടെ ആരോപണം. സ്വാതി മാലിവാളിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ബൈഭവ് കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ലഫ് ഗവര്‍ണറും രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തന്നെ സ്വാതി മാലിവാള്‍ വിളിച്ചിരുന്നുവെന്ന് സക്‌സേന പറഞ്ഞു. അവര്‍ സഹപ്രവര്‍ത്തകനില്‍ നിന്ന് നേരിട്ട അതിക്രമത്തെ കുറിച്ച് തന്നോട് വിവരിച്ചു. സ്വാതിയുമായി വിവിധ വിഷയങ്ങളില്‍ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പലപ്പോഴും തങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ക്ക് നേരെയുണ്ടായ അതിക്രമം അംഗീകരിക്കാനാവില്ലെന്നും സക്‌സേന കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനത്താണ് ഇത്രയും ലജ്ജാകരമായ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. ഡല്‍ഹി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉചിതമായ പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും ലഫ് ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം സക്‌സേനയുടെ പ്രതികരണത്തോടെ സംഭവത്തില്‍ ബിജെപി ബന്ധം ആരോപിക്കുകയാണ് എഎപി. സ്വാതി മാലിവാള്‍ ബിജെപിയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി എഎപിയ്‌ക്കെതിരെ ദിവസവും ഗൂഢാലോചനകള്‍ സൃഷ്ടിക്കുകയാണെന്നും എഎപി ആരോപിച്ചു.