'മൂന്നാം മോദിസർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ'; ടിഡിപിക്ക് 4 മന്ത്രിമാരും ജെഡിയുവിന് 2 മന്ത്രിമാരും

മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്‌ഞ നാളെ. വൈകിട്ട് ആറുമണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിൽ കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയും സത്യപ്രതിജ്‌ഞ ചെയ്യും. സത്യപ്രതിജ്ഞാചടങ്ങിൽ പ്രധാന അതിഥികൾ വിദേശ നേതാക്കളാണ്. ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് മോദി. പുതിയ മന്ത്രിസഭയിൽ ടിഡിപിക്ക് നാല് വകുപ്പുകളും ജെഡിയുവിൽ രണ്ട് പുതിയ നേതാക്കളും അംഗമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് നാല് വകുപ്പുകളും ജെഡിയുവിന് രണ്ട് വകുപ്പുകളും ലഭിച്ചു. രാം മോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല്ല പ്രസാദ് എന്നിവരാണ് പ്രധാനമന്ത്രി മോദിയുടെ പുതിയ മന്ത്രിസഭയിൽ ഇടം നേടിയ നാല് ടിഡിപി നേതാക്കളിൽ മൂന്ന് പേർ. അതേസമയം ലാലൻ സിംഗ്, രാം നാഥ് താക്കൂർഎന്നിവരാണ് നിതീഷ് കുമാറിൻ്റെ ജെഡിയു നേതാക്കൾ.

നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിസഭാ അംഗങ്ങൾ തീരുമാനിക്കാൻ ചേർന്ന എൻഡിഎ യോഗത്തിലാണ് തീരുമാനം. ആന്ധ്രാപ്രദേശിൽ 16 ലോക്‌സഭാ സീറ്റുകൾ നേടിയതിന് പിന്നാലെ നാല് വകുപ്പുകളും പാർലമെൻ്ററി സ്പീക്കർ സ്ഥാനവും ടിഡിപി ആവശ്യപ്പെട്ടിരുന്നു. 12 സീറ്റ് നേടിയ ശേഷം രണ്ട് ക്യാബിനറ്റ് ബെർത്ത് ജെഡിയുവും ചോദിച്ചിരുന്നു.

അതേസമയം ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് ഇന്ത്യാ മുന്നണി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അറിയിച്ചു. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും മമത പറഞ്ഞു. സിഎഎ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തുമെന്നും ഇക്കാര്യം പാര്‍ലമെന്‍റില്‍ ആവശ്യപ്പെടുമെന്നും മമത വ്യക്തമാക്കി.

മൂന്നാം മോദി സർക്കാർ രൂപവത്കരിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണം ലഭിച്ചതോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടത്താൻ തീരുമാനമായത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു രാഷ്ട്രപതിയുടെ ക്ഷണം.നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ കണ്ട് സർക്കാർ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സർക്കാർ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്.

Read more