രാഹുലിന് രാഷ്ട്രീയ നേതാവാകാനുള്ള കഴിവില്ല, മോദിയെ ഇതുപോലെ ആക്രമിക്കുന്ന ശൈലി ഉള്‍ക്കൊള്ളാനാവില്ല: വിമര്‍ശനവുമായി ഗുലാം നബി ആസാദ്

രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയ നേതാവാകാനുള്ള കഴിവില്ലെന്ന് ഗുലാം നബി ആസാദ്. വ്യക്തിപരമായി രാഹുല്‍ നല്ല മനുഷ്യനാണ് എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇതുപോലെ ആക്രമിക്കുന്ന ശൈലി ഉള്‍ക്കൊള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തോട് ഒട്ടും ആഭിമുഖ്യമില്ലാത്ത വ്യക്തിയാണ് രാഹുല്‍. പക്ഷേ, എല്ലാവരും രാഹുലുമായി കൂടിയാലോചിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായി അകലാന്‍ തുടങ്ങിയത്.

മുതിര്‍ന്ന ഒരു നേതാവും ആ പ്രചാരണത്തെ പിന്തുണച്ചില്ല. തന്റെ മുദ്രാവാക്യത്തെ പിന്തുണയ്ക്കുന്നവര്‍ കയ്യുയര്‍ത്തണമെന്നു പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടപ്പോള്‍ മുതിര്‍ന്നവര്‍ പലരും നീരസം പ്രകടിപ്പിച്ചു.

വ്യക്തിപരമായ ആക്രമണമായിരുന്നില്ല വേണ്ടിയിരുന്നത്. മുതിര്‍ന്നവരെ ബഹുമാനിക്കാനും തുല്യ ബഹുമാനം പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കാനുമാണ് തങ്ങള്‍ പഠിച്ചത്. മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ ആയിരുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഭാഷയാണോ ഇതെന്നും ഗുലാം നബി ആസാദ് ചോദിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാന്‍ താന്‍ നിര്‍ബന്ധിതനായതാണ്. എന്റെ വീട്ടില്‍ നിന്ന് രാജിവെച്ചുപോകാന്‍ ഞാന്‍ നിര്‍ബന്ധിതനായി. മോദിയെ കുറിച്ച് പറയുന്നത് ഒഴിവുകഴിവ് മാത്രമാണ്. ജി 23 കത്തു മുതല്‍ തന്നെ അവര്‍ക്ക് എന്നോട് നീരസമുണ്ട്. ചോദ്യം ചെയ്യുന്നത് അവര്‍ക്കിഷ്ടമല്ല. നിരവധി കോണ്‍ഗ്രസ് യോഗങ്ങള്‍ നടന്നു. പക്ഷേ, ഒരു നിര്‍ദേശം പോലും അവര്‍ സ്വീകരിച്ചില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.