പ്രധാന മന്ത്രിയുടെ പ്രതിമാസറേഡിയോ പരിപാടി മൻ കി ബാത്ത് നൂറാം എപ്പിസോഡിലെത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയോട് കാലിക പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവ മൊയ്ത്ര. ഗുസ്തി താരങ്ങളുടെ സമരവും, അദാനിഗ്രൂപ്പിനെതിരായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മഹുവ പ്രധാനമന്ത്രിക്കു നേരെ ഉയർത്തിയത്.
” ബഹുമാനപ്പെട്ട മോദിജി ഇന്ന് മൻകി ബാത്തിന്റെ നൂറാമത് എപ്പിസോഡാണ്. യുഎൻ ആസ്ഥാനത്ത് വരെ പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി പറയൂ.
ബിജെപിയുടെ ശക്തരായ വേട്ടക്കാരിൽ നിന്ന് ഇന്ത്യയുടെ വനിതാ അത്ലറ്റുകളെ സംരക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
സെബിക്ക് സുപ്രീം കോടതിയുടെ സമയപരിധിക്കുള്ളിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?
നന്ദി ” ഇങ്ങനെയാണ് മഹുവ ട്വിറ്ററിൽ കുറിച്ചത്.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും, ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് ഗുസ്തി താരങ്ങളുടെ സമരം ഡൽഹിയിൽ തുടരുകയാണ്. അതേസമയം അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണം പൂർത്തിയാക്കാൻ 6 മാസം കൂടി സമയം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
Read more
ഈ പശ്ചാത്തലത്തിലാണ് മഹുവ പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങൾ ചോദിച്ചത്.നിരവധിപ്പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. എന്നാൽ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് പ്രതികരണങ്ങളൊന്നും തന്നെ വന്നിട്ടില്ല.