തൃണമൂല്‍ കോണ്‍ഗ്രസിന് ആര്‍എസ്എസ് ബന്ധം; മമത ബാനര്‍ജിയുമായി സഖ്യത്തിനില്ലെന്ന് സിപിഎം

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം. ആര്‍എസ്എസുമായി ചേര്‍ന്ന് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടും ബിജെപിയോടും ഒരുപോലെ പോരാടുമെന്നും മുഹമ്മദ് സലീം കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് മമത ബാനര്‍ജി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയെ നേരിടാന്‍ വിശാല പ്രതിപക്ഷ താത്പര്യം മുന്‍നിര്‍ത്തി രൂപം നല്‍കിയ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് സിപിഎമ്മും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും.

എന്നാല്‍ ഓരോ സംസ്ഥാനങ്ങളിലും ആഭ്യന്തര താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പാര്‍ട്ടികളും മുന്നോട്ട് പോകുന്നത്. പശ്ചിമ ബംഗാളിലെ സ്ഥിതിയും സമാനമാണ്. അതേ സമയം പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഇതുവരെ സസ്‌പെന്‍ഷനിലായ എംപിമാരോട് ദില്ലിയില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യ മുന്നണി. പാര്‍ലമെന്റില്‍ സംയുക്തമായി പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ആലോചന.