ബാരാമുള്ളയില്‍ രണ്ട് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ അറസ്റ്റില്‍; പിടിയിലായത് പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ കടത്തി ഇന്ത്യയിലെത്തിക്കുന്നവര്‍

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ രണ്ട് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരവാദികള്‍ അറസ്റ്റില്‍. ബാരാമുള്ള സ്വദേശികളായ മുഹമ്മദ് ആരിഫ് ചന്ന, സായിദ് ഹസന്‍ മല്ല എന്നിവരാണ് പിടിയിലായത്. ഉറിയിലെ പരന്‍പീലന്‍ പാലത്തില്‍ സ്ഥാപിച്ച ജോയിന്റ് ചെക്ക് പോസ്റ്റിലാണ് ഇരുവരും പിടിയിലായത്. പാലത്തിന് സമീപത്തെത്തിയ ഇരുവരിലും ബാരാമുള്ള പൊലീസിനും ആര്‍മി നാഷണല്‍ റൈഫിള്‍സിനും സംശയം തോന്നി.

ചെക്ക്‌പോസ്റ്റ് കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും സൈന്യം പിടികൂടുകയായിരുന്നു. പിടിയിലായവരില്‍ നിന്ന് രണ്ട് ഗ്ലോക്ക് പിസ്റ്റളുകള്‍, രണ്ട് പിസ്റ്റള്‍ മാഗസിന്‍, രണ്ട് പിസ്റ്റള്‍ സൈലന്‍സര്‍, അഞ്ച് ചൈനീസ് ഗ്രനേഡുകള്‍, 28 ലിവ് പിസ്റ്റള്‍ റൗണ്ടുകള്‍, മറ്റ് യുദ്ധസമാനമായ സ്റ്റോറുകള്‍ എന്നിവയും സൈന്യം പിടിച്ചെടുത്തു.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ നിര്‍ദ്ദേശപ്രകാരം ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും അതിര്‍ത്തി കടത്തി ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ക്ക് വിതരണം ചെയ്യുന്നവരാണ് പിടിയിലായത്. ഇന്ത്യന്‍ ആംസ് ആക്ട്, യുഎ(പി) ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.