ശശികലയ്ക്ക് തിരിച്ചടി; രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്

ശശികല പക്ഷത്തിന്റെ ആവശ്യം തള്ളി അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല – ദിനകരന്‍ വിഭാഗത്തിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡിഎംകെ രണ്ടായി പിളര്‍ന്നിരുന്നു. ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സമയത്ത് എതിര്‍ചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ചിഹ്നത്തിന് അവകാശവാദമുന്നയിച്ചു. തുടര്‍ന്നാണ് ഈ ചിഹ്നം മരവിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. എന്നാല്‍ തുടര്‍ന്നു നടന്ന രാഷ്ട്രീയ കളികള്‍ക്കിടെ ഒപിഎസും ഇപിഎസും ഒന്നിച്ചു.

തങ്ങളാണ് ഔദ്യോഗിക പക്ഷമെന്ന് തെളിയിക്കാന്‍ ഇപിഎസ് – ഒപിഎസ് വിഭാഗം വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 90 ശതമാനത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പളനിസാമി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചു കിട്ടിയിരിക്കുന്നത്. അണ്ണാ ഡിഎംകെയുടെ ഭരണഘടനപ്രകാരം പാര്‍ട്ടിയുടെ പരമോന്നത സമിതിയാണ് ജനറല്‍ കൗണ്‍സില്‍.

ശശികലപക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ ടി.ടി.വി ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ ദിനകരനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.