ഉന്നാവോ അപകടം; കേസ് സി.ബി.ഐക്ക് കൈമാറി

ഉന്നാവോ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയുടെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ അന്വേഷണം കേന്ദ്രം സി ബി ഐക്കു കൈമാറി. ഞായറാഴ്ചയാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

അമിതവേഗത്തിലെത്തിയ ട്രക്ക് പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിക്കു നേരെയുണ്ടായത് ആസൂത്രിത കൊലപാതകശ്രമമാണെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് കേസ് സിബിഐക്കു വിട്ടിരിക്കുന്നത്. സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സി ബി ഐ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടായ റായ്ബറേലിയിലെ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. കൂടാതെ ഗുരുബക്ഷ്ഗഞ്ച് പോലീസ് സ്റ്റേഷനില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

Read more

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിനെതിരെയാണ് പെണ്‍കുട്ടി ബലാല്‍സംഗ പരാതി നല്‍കിയിരുന്നത്. 2017ല്‍ ജോലി അന്വേഷിച്ച് ചെന്ന തന്നെ എം.എല്‍.എ ബലാല്‍സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതിയും സി ബി ഐയാണ് അന്വേഷിക്കുന്നത്.