ഉന്നാവോ അപകടം: ട്രക്ക് ഉടമ യുപി മന്ത്രി രവീന്ദ്ര പ്രതാപ് സിങിന്റെ മരുമകന്‍

ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രവീന്ദ്ര പ്രതാപ് സിങിന്റെ മരുമകന്‍ അരുണ്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. അരുണിന് സമാജ് വാദി പാര്‍ട്ടിയുമായും ബന്ധമുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അദ്ധ്യക്ഷനും കൂടിയാണ് അരുണ്‍. സിബിഐ അരുണ്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ കൊലപാക കുറ്റം ചുമത്തിയിട്ടുണ്ട്.

സിബിഐ അന്വേഷണ സംഘം അപകടം നടന്ന സ്ഥലം പരിശോധിച്ചു. ദൃക്സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഫോറന്‍സിക് സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അപകടം വരുത്തിയ ട്രക്ക് അമിത വേഗതയിലും തെറ്റായ ദിശയിലുമായിരുന്നുമെന്ന് സിബിഐ സംഘം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കില്‍ ഇടിച്ചു കയറുമ്പോള്‍ കാറും അമിത വേഗതയിലായിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ ഭാഗത്ത് കൂടി ട്രക്ക് അമിത വേഗതിയില്‍ വരുന്നത് കണ്ട് കാര്‍ ഡ്രൈവര്‍ പരിഭ്രാന്താനായാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് അനുമാനിക്കുന്നത്.

Read more

ഞായറാഴ്ചയാണ് റായ്ബറേലി ഹൈവേയിലുണ്ടായ അപകടത്തില്‍ ഉന്നവോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു. പരിക്കേറ്റ അഭിഭാഷകനും പെ്ണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.