വൈസ് ചാൻസലർ അല്ല ഇനി മുതൽ 'കുലഗുരു'; പെരുമാറ്റത്തിന് അംഗീകാരം നൽകി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ഇനി മുതൽ ‘കുലഗുരു’ എന്ന് അറിയപ്പെടും. പേരുമാറ്റത്തിനുള്ള നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകരം നൽകി. രാജ്യത്തിന്റെ സംസ്‌കാരവും ഗുരു പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്നതാണ്‌ പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹൻയാദവ് പ്രതികരിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്.

സംസ്ഥാനത്തെ എല്ലാ സർവകലാശാലാ വൈസ് ചാൻസലർമാരും ഇനി ‘കുലഗുരു’ എന്നാണ് അറിയപ്പെടുക. നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളും ‘കുലഗുരു’ പേരുമാറ്റത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരും നാളുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെ പേരുകളും മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാൽ അതിന്റെ പ്രാധാന്യം വർധിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

സംസ്ഥാനത്ത് പശുക്കളെ കടത്തുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നടപടിയെടുക്കുമെന്നും അവ ഒരുകാരണവശാലും വിട്ടയക്കില്ലെന്നും മന്ത്രിസഭയോഗത്തിൽ തീരുമാനമായി. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പലപ്പോഴും കോടതി വിട്ടയക്കാറുണ്ട്. ഇത് ഇനി മുതൽ അനുവദിക്കില്ലെന്നാണ് മന്ത്രിസഭയുടെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകളിൽ ചെറിയ കുട്ടികൾ വീണ് അപകടമുണ്ടാകുന്നത് തടയാൻ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കുഴൽക്കിണർ മൂടാതെ തുറന്നിടുന്നതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കും. കുഴൽക്കിണർ തുറന്നു വിടുന്ന അനാസ്ഥ സംസ്ഥാന സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.