'രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ആശംസകൾ'; പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് വിജയ്

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് എതിരില്ലാതെ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങളെന്നാണ് എക്‌സിൽ വിജയ് കുറിച്ചത്. നമ്മുടെ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ആശംസിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക്‌സഭയ്ക്കു പ്രതിപക്ഷനേതാവിനെ ലഭിക്കുന്നത്. ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി യോഗത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്. 50 അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഒന്ന്, രണ്ട് എന്‍ഡിഎ സര്‍ക്കാരില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. ഇക്കുറി 101 സീറ്റോടെയാണ് കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

പ്രതിപക്ഷനേതാവെന്ന നിലയിൽ രാഹുലിനു കാബിനറ്റ് റാങ്ക് ലഭിക്കും. പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനവും ലഭിക്കാം. വിവിധ അന്വേഷണ ഏജൻസി മേധാവികൾ, മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ, വിവരാവകാശ കമ്മീഷണർ എന്നിവരെയടക്കം നിയമിക്കുന്ന സമിതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഹുലും ഇടംപിടിക്കും.