'ഡോക്ടർമാരെയും എൻജിനീയർമാരെയും വേണ്ട, നന്നായി പഠിക്കുന്നവർ വരേണ്ടത് രാഷ്ട്രീയത്തിലേക്ക്'; തമിഴ്‌നാട്ടിൽ നല്ല നേതാക്കളില്ലെന്ന് വിജയ്

തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ലഹരി മാഫിയ‌യ്‌ക്കെതിരെയും തുറന്നടിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ് രാഷ്ട്രീയപരമായ തന്റെ നിലപാടുകൾ താരം കൃത്യമായി വ്യക്തമാക്കിയത്.

തമിഴ്‌നാട്ടിൽ നല്ല നേതാക്കൾ ഇല്ല. നമുക്കു വേണ്ടതു മികച്ച ഡോക്ടർമാരോ എൻജിനീയർമാരോ അഭിഭാഷകരോ അല്ല. തമിഴ്നാടിനു വേണ്ടത് നല്ല നേതാക്കളെയാണ്. നന്നായി പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം. അതാണ് തന്റെ ആഗ്രഹമെന്നും വിജയ് പറഞ്ഞു. തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാൻ. സമൂഹ മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകൾ മനസിലാക്കി മികച്ച നേതാവിനെ തിരഞ്ഞെടുക്കാണമെന്നും വിജയ് പറഞ്ഞു.

തമിഴ്നാട്ടിലെ ലഹരി മാഫിയ‌യ്‌ക്കെതിരെയും താരം തുറന്നടിച്ചു. ‘സേ നോ ടു ‍ഡ്രഗ്സ്, സേ നോ ടു ടെംപററി പ്ലഷേഴ്സ്’ എന്നു കുട്ടികളെ കൊണ്ടു പ്രതി‍ജ്ഞ എടുപ്പിച്ചാണു വിജയ് പ്രസംഗം അവസാനിപ്പിച്ചത്. പുരസ്കാര സമർപ്പണം ചെന്നൈ പനയൂരിലെ ഹാളിലാണ് നടന്നത്. പ്രസംഗത്തിനായി വേദിയിലേക്ക് കയറിയ താരത്തെ കുട്ടികളും രക്ഷിതാക്കളും വലിയ കയ്യടികളോടെയാണ് വരവേറ്റത്.