മുംബൈയിലും വനിതാ ഡോക്ടര്‍ക്കുനേരെ അതിക്രമം; മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു

മുംബൈയിലും വനിതാ ഡോക്ടര്‍ക്കുനേരെ അതിക്രമം. മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദ്ദിച്ചതായി മറ്റ് ഡോക്ടർമാർ പറഞ്ഞു. മുംബൈയിലെ സിയോൺ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

കൊൽക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് മറ്റൊരു വനിതാ ഡോക്ടർക്കെതിരെയുള്ള അതിക്രമം കൂടി റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 3.30-ഓടെ ഡ്യൂട്ടിയിലായിരിക്കെയാണ് ആക്രമണം ഉണ്ടായത്. രോ​ഗിക്കൊപ്പം മദ്യപിച്ചെത്തിയ ആറം​ഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചത്. ശേഷം രോ​ഗിയും അക്രമിസംഘവും ആശുപത്രിയിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

അതേസമയം സംഭവം സുരക്ഷാ വീഴ്ചയെയാണ് എടുത്തുകാണിക്കുന്നതെന്ന് സിയോൺ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന ആരോപിച്ചു. അതിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം കനക്കുകയാണ്. സംഭവം നടന്ന ആര്‍ജി കാര്‍ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ധര്‍ണയോ സമരമോ നടത്തരുതെന്ന് പൊലീസ് അറിയിപ്പ് നല്‍കി.