കോണ്‍ഗ്രസിന് പിന്തുണയുമായി വീരേന്ദര്‍ സെവാഗ്; രോക്ഷ പ്രകടനങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന് പിന്നാലെ ഹരിയാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പരസ്യ പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ തോഷാം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനിരുദ്ധ് ചൗധരിയ്ക്കാണ് സെവാംഗ് പിന്തുണ പ്രഖ്യാപിച്ചത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വീരേന്ദര്‍ സെവാഗ് തന്റെ നിലപാട് വ്യക്തമാക്കിയത്. മോദി സര്‍ക്കാര്‍ അനുകൂല നിലപാടുകളുമായി സോഷ്യല്‍ മീഡിയകളില്‍ പതിവായി എത്തിയിരുന്ന സെവാഗിന്റെ നിലപാട് മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ എക്‌സിലൂടെയായിരുന്നു സെവാഗ് മോദിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്ത് പൊതുമേഖല ബാങ്കുകള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന മോദിയുടെ പഴയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു സെവാഗ്. മോദിയുടെ പോസ്റ്റ് വിശ്വസിച്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വാങ്ങി വഞ്ചിതനായ തന്റെ ജീവനക്കാരന്റെ അനുഭവം പങ്കുവയക്കുകയായിരുന്നു സെവാഗ്.

ഭൂമി വിറ്റുകിട്ടിയ ഒരു കോടിയില്‍ നിന്ന് 80 ലക്ഷം മോദി പറഞ്ഞ മൂന്ന് പൊതുമേഖല ബാങ്കുകളില്‍ നിക്ഷേപിച്ച മോദി ഭക്തന്‍ കൂടിയായ തന്റെ ജീവനക്കാരന്റെ ഓഹരികളെല്ലാം ദിനംപ്രതി കൂപ്പുകുത്തുകയാണെന്ന് സെവാഗ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്‍ ക്രിക്കറ്റ് താരം രംഗത്തെത്തിയത്.

മുന്‍ ബിസിസിഐ അംഗം കൂടിയാണ് വീരു പിന്തുണയ്ക്കുന്ന അനിരുദ്ധ് ചൗധരി. സെവാഗ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അനിരുദ്ധിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഹരിയാന മുന്‍ മുഖ്യമന്ത്രി ബാന്‌സി ലാലിന്റെ മകന്‍ കൂടിയാണ് അനിരുദ്ധ്.