ചൈന കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു പിടിക്കുമോ അതോ ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് വിട്ടുകളയുമോ? കേന്ദ്രത്തോട് രാഹുല്‍ ഗാന്ധി

ചൈന കൈവശപ്പെടുത്തിയ ഭൂമി എപ്പോള്‍ തിരിച്ചു പിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തി. അതു തിരിച്ചു പിടിക്കുമോ അതോ ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് വിട്ടുകളയുമോയെന്നും രാഹുല്‍ പരിഹസിച്ചു.

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിനെ കൂടി ഉദ്ദേശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാൻ  ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും, ചൈനയുടെ വിദേശകാര്യ മന്ത്രി വാംഗ് ക്വിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ച് കാര്യങ്ങളില്‍ ധാരണയായി എന്ന് വ്യക്തമാക്കുന്നതാണ് സംയുക്ത പ്രസ്താവന. സ്ഥിതി സങ്കീർണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനും ധാരണയായി. മൂന്നു മാസത്തിൽ ഇതാദ്യമായാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്.

Read more

രണ്ട് സേനകള്‍ക്കും ഇടയിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കണം, സേനകള്‍ക്കിടയില്‍ ഉചിതമായ അകലം നിലനിര്‍ത്തണം, സൈനികതല ചര്‍ച്ചകള്‍ തുടരണം, എത്രയും പെട്ടെന്ന് സേന പിന്മാറ്റം നടത്തണം, സ്ഥിതി സങ്കീര്‍ണമാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്നിങ്ങനെയാണ് മോസ്‌കോയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണയായിരിക്കുന്നത്.