വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

ഇന്ത്യയില്‍ കൂടുതല്‍ ആരോഗ്യകരമായ പൊട്ടറ്റോ ചിപ്‌സ് വിപണിയിലിറക്കാന്‍ ലെയ്‌സ്. നിലവില്‍ ഉപയോഗിക്കുന്ന എണ്ണയ്ക്ക് പകരം പുതിയ മിശ്രിതം ഉപയോഗിച്ച് ആരോഗ്യകരമായ ചിപ്‌സ് നിര്‍മ്മിക്കാനാണ് മാതൃകമ്പനിയായ പെപ്‌സികോയുടെ തീരുമാനം. ഇതിനായി സൂര്യകാന്തി എണ്ണയും പാമോലിനും ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

പാം ഓയിലും പാമോലിനും ഉപയോഗിച്ചാണ് നിലവിലെ ഇന്ത്യയിലെ ചിപ്‌സ് നിര്‍മ്മാണം. വികസിത രാജ്യങ്ങളില്‍ സമാന ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ചേരുവകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ ചേരുവകള്‍ ഉപയോഗിക്കുന്നതായി നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപകമായി പാം ഓയില്‍ ഭക്ഷ്യ വസ്തുക്കളില്‍ ഉപയോഗിക്കുന്നതിന് കാരണം സൂര്യകാന്തി എണ്ണയ്ക്കും സോയാബീന്‍ എണ്ണയ്ക്കും വില കൂടുതലാണെന്നതാണ്. വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് പാമോലിനും സൂര്യകാന്തി എണ്ണയും ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിച്ച് ചിപ്‌സ് നിര്‍മ്മിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.