രാജ്യത്ത് വീണ്ടും സിക വൈറസ് ബാധ. മഹാരാഷ്ട്രയിലെ പൂനയിൽ 68 പേർക്ക് സിക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ നാല് പേർ മരിച്ചു. വൈറസ് സ്ഥിരീകരിച്ച 68 പേരില്‍ 26 പേർ ഗർഭിണികളാണ്.
മരണപ്പെട്ടത് അറുപത്തെട്ടിനും എണ്‍പതിനും ഇടയിലുള്ള ആളുകളാണ്. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ സ്ഥരീകരണം.
രോഗം പടരുന്ന പശ്ചാത്തലത്തില്‍ പൂനെയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ജൂണ്‍ ആവസാനം മുതലാണ് മഹാരാഷ്ട്രയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ച് തുടങ്ങുന്നത്. ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്.
പനി, ശരീരത്തില്‍ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.