'പരിപ്പ് കറി കഴിച്ചു കൂട്ടാം, ചപ്പാത്തി കടുപ്പം' , മോഡിക്കും മൻമോഹൻ സിംഗിനും വാരിക്കോരി വാഴ്ത്തുമൊഴികൾ - ഡെൽഹിയിൽ നർമം ചാലിച്ച് ഒബാമയുടെ പ്രഭാഷണം

“മോഡിയെ ഞാൻ ഏറെ ഇഷ്ടപെടുന്നു. അദ്ദേഹവുമായി നല്ല അടുപ്പവും സൗഹൃദവുമുണ്ട്. അദ്ദേഹത്തിന് ഇന്ത്യയുടെ വികസനത്തെ കുറിച്ച വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യൻ ബ്യുറോക്രസിയെ ആധുനികവത്കരിക്കാനുള്ള മോഡിയുടെ ശ്രമങ്ങൾ ശ്ലാഘനീയമാണ്” – മോഡിയെ കുറിച്ച് ഈ വാഴ്ത്തുമൊഴികൾ നടത്തുന്നത് ഒട്ടും കുറഞ്ഞ ആളൊന്നുമല്ല. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ്. യു. എസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഒബാമ പക്ഷെ, എല്ലാ പ്രശംസകളും മോഡിക്ക് മാത്രമായി നൽകുന്നില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും പുകഴ്‌ത്താൻ മറന്നില്ല.

” എന്റെ ഒരു ഗ്രേറ്റ് ഫ്രണ്ടാണ് ഡോ. സിംഗ്. രണ്ടുപേരും മിടുമിടുക്കരായ നേതാക്കളാണ്. രാഷ്ട്രീയമായി ബദ്ധശത്രുക്കളാണെങ്കിലും രണ്ടു പേരും ഇന്ത്യ – അമേരിക്ക ബന്ധം എന്നും ദൃഢമായിരിക്കണമെന്ന് ഗാഢമായി ആഗ്രഹിക്കുന്നു. ഇത് അവരെ ഒന്നിപ്പിക്കുന്ന ഒരു ഘടകമാണ്.” ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച ലീഡർഷിപ് കോൺക്ലേവിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഒബാമ നയം വ്യക്തമാക്കി.

തീർന്നില്ല, ഒബാമ തുടരുകയാണ് – മോഡിയും സിംഗും ഇന്ത്യയെ ഒരു ആധുനിക സമ്പദ്ഘടനയാക്കാൻ ലക്ഷ്യമിടുന്നു. രണ്ടുപേരും എന്നോട് നൂറ് ശതമാനം സത്യസന്ധത പുലർത്തിയിരുന്നു. ശക്തമായ തീരുമാനങ്ങൾ എടുക്കാൻ രണ്ടു പേരും പ്രാപ്തരാണ്.
തന്റെ ഭരണ ഘട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യം ശക്തമായപ്പോൾ മൻമോഹൻ സിംഗുമായി അടുത്തു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു. പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയുമായി കൂടുതൽ ബന്ധപ്പെടാൻ കഴിഞ്ഞട്ടുണ്ട്.

ഏറെ തമാശ കലർത്തിയായിരുന്നു മോഡിയുടെ പ്രഭാഷണം. യു. എസ് പ്രസിഡന്റായി ഇന്ത്യ സന്ദർശിച്ചപ്പോൾ ചപ്പാത്തിയും പരിപ്പ് കറിയും കഴിച്ചത് അദ്ദേഹം ഓർമിച്ചെടുത്തു. “ഇന്ത്യക്കാരുടെ പൊതു ഭക്ഷണമായ ചപ്പാത്തിയും പരിപ്പുകറിയും കഴിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ഞാനായിരിക്കും. ദാൽ പിന്നെയും കഴിച്ചു കൂട്ടാം. ഈ ചപ്പാത്തി കഴിക്കാൻ കുറച്ചു കടുപ്പമാണെ” – ഉയർന്നു പൊങ്ങിയ ചിരിതിരമാലക്കിടയിൽ മുൻ യു എസ് പ്രഥമ പൗരൻ പറഞ്ഞു.

ഇന്ത്യയെ മതത്തിന്റെ പേരിൽ വെട്ടിമുറിക്കാൻ അനുവദിക്കരുതെന്ന് താൻ സ്വകാര്യമായി മോഡിയോട് പറഞ്ഞതായും ഒബാമ വെളിപ്പെടുത്തി. ലോകത് അധികം രാജ്യങ്ങളിലും കണ്ടു വരാത്ത ന്യൂനപക്ഷമാണ് ഇന്ത്യയിലേത്. ഇവിടത്തെ മുസ്ലീങ്ങൾ തങ്ങൾ ഇന്ത്യക്കാരാണെന്നതിൽ അഭിമാനിക്കുന്നുണ്ട്. എന്നാൽ പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾ മുഖ്യധാരയുമായി അകന്നു കഴിയുന്നവരാണ്. അതുകൊണ്ട് ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കണമെന്ന് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ഈ സ്വകാര്യ സന്ദേശത്തോട് മോഡി എങ്ങനെ പ്രതികരിച്ചു എന്ന ചോദ്യത്തിന് തനിക്ക് ഒരു ലക്ഷ്യമുണ്ടെന്നും സ്വകാര്യ സന്ദേശത്തിൽ അത് വെളിപ്പെടുത്തില്ലെന്നും മോഡി പറഞ്ഞതായി ഒബാമ മറുപടി നൽകി.