കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഐഎമ്മില്‍ തര്‍ക്കം; വിട്ടുവീഴ്ചക്കില്ലെന്ന് കാരാട്ടും യെച്ചൂരിയും

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഐഎമ്മില്‍ തര്‍ക്കം രൂക്ഷം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും, പിബി അംഗം പ്രകാശ് കാരാട്ടും വ്യത്യസ്ഥ രേഖകള്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇരുനേതാക്കളുടെയും വാദം. അതിനാല്‍ തന്നെ ഇരുരേഖകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടിലേക്കാണ് നീങ്ങുന്നത് എന്നാണ് വിവരം.

അതേ സമയം പുതിയ തര്‍ക്കം സീതാറാം യെച്ചൂരിയെ മാറ്റാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. കാരാട്ടിന്റെ നിലപാടിനെതിരെ യെച്ചൂരി പക്ഷം ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ സിപിഐഎമ്മില്‍ വീണ്ടും കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാവുകയാണ്.