നദികളിൽ ജലനിരപ്പ് ഉയരുന്നു; കരുവന്നൂർ, ഗായത്രി പുഴകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് മഴ കനക്കുന്നു സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നുവെന്ന് കേന്ദ്ര ജല കമ്മീഷൻ. ഈ സാഹചര്യത്തിൽ രണ്ട് നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴ, ഗായത്രി പുഴ എന്നിവിടങ്ങളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ കരമന, ഇടുക്കി ജില്ലയിലെ തൊടുപുഴ, തൃശ്ശൂർ ജില്ലയിലെ കീച്ചേരി, കാസറഗോഡ് ജില്ലയിലെ പയസ്വിനി എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുഴകളോട് ചേർന്നുള്ള കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

അതേസമയം അടുത്ത 1-2 ദിവസം ശക്തമായി തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.