ഭരണകൂട വിലക്കുകളെ മറിക്കടക്കുന്ന സിനിമ; 'ടാറ്റാമി'ക്ക് പറയാനുള്ളത് ചരിത്രം

സിനിമ എപ്പോഴും യൂണിവേഴ്സലാണ്, അതിന് അതിർത്തികളില്ല. ഭാഷകളുടെ അതിർത്തികളെ പോലും അത് വികാരങ്ങൾ കൊണ്ട് മായിച്ചു കളയുന്നു.ഇറാൻ എന്നത്ലോക സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച സിനിമകൾ പിറവിയെടുത്ത നാടാണ്. അതുപോല തന്നെയാണ് ഇസ്രായേലും. ശക്തമായ ഭരണകൂട വിലക്കുകളെ മറികടന്ന് അവർ മികച്ച സിനിമകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നു. 

അത്തരത്തിലുള്ള പല വിലക്കുകളെയും മറികടന്ന് ഇപ്പോൾ അവർ വീണ്ടുമൊരു ചരിത്രം രചിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഇസ്രായേൽ-ഇറാൻ സംവിധായകർ ഒരുമിച്ച് ഒരു സിനിമ ചിത്രീകരിച്ചിരിക്കുന്നു.  ഇറാനിൽ നിന്നുള്ള സാർ അമീർ ഇബ്രാഹിമിയും ഇസ്രായേലിൽ നിന്നുള്ള ഗൈ നാറ്റിവുമാണ് ആ രണ്ട് സംവിധായകർ. സിനിമ ‘ടാറ്റാമി’. 

ഇസ്രായേൽ-ഇറാൻ ജൂഡോ മത്സരവുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടം സ്വീകരിച്ച നിലപാടും, അതിനെതിരെ രാജ്യാന്തര ജൂഡോ ഫെഡെറേഷനുമായി ബന്ധപ്പെട്ട നാല് വർഷത്തെ വിലക്കുമാണ് സിനിമയ്ക്ക് പ്രചോദനമായത്. ചിത്രം കഴിഞ്ഞയാഴ്ച വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ലോക ജൂഡോ ചാംപ്യൻഷിപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയെടുത്തിരിക്കുന്നത്. ഭരണാധികാരികളുടെ  ഇടപെടലുകൾ ഇല്ലാതിരിക്കാൻ വേണ്ടി ഇറാന്റെ അയൽരാജ്യമായ  ജോർജിയയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്തിയിരുന്നത്, കൂടാതെ അമീർ ഇബ്രാഹിമിയും നാറ്റിവും  രണ്ട് വ്യത്യസ്ത ഹോട്ടലുകളിലായിരുന്നു താമസിച്ചിരുന്നതും. 

“അവിടെ ധാരളം ഇറാനികൾ ഉണ്ടായിരുന്നെന്ന് എനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് തന്നെ വളരെ രഹസ്യമായാണ് കാര്യങ്ങളൊക്കെ ചെയ്തിരുന്നത്.” അമീർ ഇബ്രാഹിമി പറഞ്ഞു. ചിത്രത്തിൽ ജൂഡോ പരിശീലകയായി അമീർ ഇബ്രാഹിമി തന്നെ വേഷമിട്ടിട്ടുണ്ട്. 

സാർ അമീർ ഇബ്രാഹിമി ഇറാനിലെ പ്രശസ്തമായ അഭിനേത്രി കൂടിയാണ്, 2008 ൽ തന്റെ സ്വകാര്യ രംഗങ്ങൾ ചോർന്നതിനെ തുടർന്ന് ഭരണകൂടത്തിന്റെ തടവും ചാട്ടവാറടിയും ഭയന്ന് അവർക്ക് ഇറാനിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നിരുന്നു. ‘ഹോളി സ്പൈഡർ’ എന്ന സിനിമയിലെ പ്രകടനത്തിന് കഴിഞ്ഞ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി അമീർ ഇബ്രാഹിമി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.  

Read more