കാബൂള്‍ വിമാനത്താവളത്തിനു മുന്നിൽ ഇരട്ടസ്ഫോടനം; 72 പേർ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ ഐ.എസ് ഭീകരർ

അഫ്ഗാനിസ്താൻറെ തലസ്ഥാനമായ  കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തിൽ ദൗത്യസംഘാംഗങ്ങളും ഒരു ഡോക്ടറും ഉള്‍പ്പെടെ 72-ല്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടു. 140 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) അഫ്ഗാന്‍ ഘടകമായ ഐ.എസ്. ഖൊരാസന്‍ പുലര്‍ച്ചേ 2.30 ഓടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കന്‍ സേനയേയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഇവര്‍ അറിയിച്ചു.

 കാബൂൾ വിമാനത്താവളത്തിന്‍റെ രണ്ടു പ്രവേശന കവാടങ്ങളിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാൻ വിടാനെത്തിയ സാധാരണക്കാർക്കിടയിലായിരുന്നു സ്ഫോടനങ്ങൾ. പരിക്കേറ്റ നൂറിലേറെ പേർ വിമാനത്താവളത്തിനു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. നിരവധി താലിബാന്‍ അംഗങ്ങൾക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഐ.എസ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ അഫ്ഗാൻ പൗരന്മാര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യു.എസും യു.കെയും ഓസ്ട്രേലിയയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഐ.എസ് ഖുറാസാൻ എന്ന പേരിൽ ഐ.എസിന്‍റെ പ്രാദേശിക ഘടകം അഫ്ഗാനിസ്ഥാനിലുണ്ടെന്നും അവർ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്നും അമേരിക്ക തന്നെയാണ് നിരവധി തവണ ലോകത്തോട് പറഞ്ഞു കൊണ്ടിരുന്നത്. ഇനി നാലു ദിവസം മാത്രമാണ് വിദേശ സേനയ്ക്ക് അഫ്ഗാനിൽ തുടരാനാവുക.

Read more

പതിനായിരത്തോളം പേർ ഇപ്പോഴും പുറത്തു പോകാനായി കാത്തു നിൽക്കുന്നുണ്ട്. തങ്ങളെ സഹായിച്ച അഫ്ഗാൻ പൗരന്മാരെടക്കം പാശ്ചാത്യ രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തേക്കെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇനിയുള്ള നാലു ദിവസങ്ങളില്‍ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാകുമേ എന്ന കാര്യത്തിൽ നാറ്റോ അംഗരാജ്യങ്ങൾക്ക് ആശങ്കയുണ്ട്. ഓഗസ്റ്റ് 31നു ശേഷം കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തിന് താലിബാൻ തുർക്കിയുടെ സാങ്കേതിക സഹായം തേടുന്നതായി റിപ്പോർട്ടുണ്ട്. കാണ്ഡഹാർ വിമാനത്താവളം കൂടി ഉടൻ അന്താരാഷ്ട്ര യാത്രക്കാർക്കായി തുറക്കുമെന്നും സൂചനയുണ്ട്.