ഹിസ്ബുള്ളയുടെ പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; ഒന്‍പത് മരണം, 2750 പേര്‍ക്ക് പരിക്ക്; ലെബനനെ നടുക്കി സ്‌ഫോടനം; പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

ലെബനനിലെ സായുധ വിഭാഗമായ ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണമായ പേജറുകള്‍ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചു, ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 2750 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പരിക്കേറ്റ 200ലധികം പേരുടെ പരിക്ക് ഗുരുതരമാണെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പരുക്കേറ്റവരില്‍ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേല്‍ ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം. ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംഭവത്തില്‍ യുഎസിന് പങ്കില്ലെന്ന് പെന്റഗണ്‍ പ്രതികരിച്ചു.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലും പേജര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിച്ചതായും വിവരമുണ്ട്. ലെബനന്‍ അതിര്‍ത്തിയിലേക്ക് യുദ്ധലക്ഷ്യം വിപുലീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടന പരമ്പര. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ലബനന്‍ സര്‍ക്കാര്‍ ആരോപിച്ചു. പരിക്കേറ്റവരില്‍ ലബനനിലെ ഇറാന്‍ അംബാസഡര്‍ മൊജ്താബ അമാനിയും ഉള്‍പ്പെടും. ലബനനിലെ സായുധ വിഭാഗമായ ഹിസ്ബുള്ളയുടെ വിവിധ യൂണിറ്റുകളിലെ ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണമായ പേജറുകളാണ് പൊട്ടിത്തെറിച്ചത്.

ലെബനനില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്‌ഫോടനം നടന്നത്. യുഎസും യുറോപ്യന്‍ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ ഹിസ്ബുല്ലക്ക് ഇറാന്റെ പിന്തുണയുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുല്ല പിന്തുണയ്ക്കുന്നുണ്ട്.

സൈബര്‍ ആക്രമണം മൂലം ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടായതാണ് പേജര്‍ പൊട്ടിത്തെറിച്ചതിനു പിന്നിലെ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് പേജര്‍ ആക്രമണമെന്ന് ഹിസ്ബുള്ള സമതിച്ചിട്ടുണ്ട്.