ഓസ്ട്രേലിയയിലെ മെൽബണിൽ പുതിയതായി സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്ത് മാറ്റാൻ ശ്രമം. പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ സാന്നിധ്യത്തിൽ നവംബർ 12നാണ് ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് പ്രതിമ അനാച്ഛാദനം ചെയ്തത്. ഞായറാഴ്ച രാവിലെ കമ്യൂണിറ്റി ഭാരവാഹികൾ എത്തിയപ്പോൾ പ്രതിമയുടെ കഴുത്ത് അറുത്തുമാറ്റാൻ ശ്രമിച്ച നിലയിലായിരുന്നു.
സംഭവത്തിൽ വിക്ടോറിയ പൊലീസ് കേസെടുത്തു. പവർ ടൂൾ ഉപയോഗിച്ച് പ്രതിമയുടെ തല അറുത്ത് മാറ്റാൻ ശ്രമം നടന്നതായാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. ഓസ്ട്രേലിയയിൽ ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി മോറിസൺ പറഞ്ഞു. ലോകത്തിലെ ഏറ്റവും വിജയകരമായ മൾട്ടി കൾച്ചറൽ, ഇമിഗ്രേഷൻ രാഷ്ട്രമാണ് ഓസ്ട്രേലിയ. ഇവിടെ സാംസ്കാരിക സ്മാരകങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഇത്തരത്തിലുള്ള അനാദരവുകൾ കാണുന്നത് അപമാനകരവും അങ്ങേയറ്റം നിരാശാജനകവുമാണ്. ഈ പ്രവൃത്തി ചെയ്തവർ ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലെ കസ്റ്റംസ്, കമ്മ്യൂണിറ്റി സേഫ്റ്റി, മൾട്ടി കൾച്ചറൽ അഫയേഴ്സ് അസിസ്റ്റന്റ് മന്ത്രിയും എം.പിയുമായ ജാസൺ വുഡും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാവ് സൂര്യ സോണിയും സംഭവത്തെ അപലപിച്ചു. പ്രതിമ അനാച്ഛാദനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ അത് നശിപ്പിക്കപ്പെടുന്നത് വേദനിപ്പിക്കുന്നു എന്നും ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രെസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Read more
ഇന്ത്യയുടെ ചരിത്രവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുകയും ഒപ്പം ഇന്ത്യയുടെ ചരിത്രവും രാജ്യത്തുടനീളമുള്ള സംസ്കാരത്തിന്റെ സമൃദ്ധിയും ഉയർത്തിക്കാട്ടുക എന്നതായിരുന്നു പ്രതിമയുടെ ലക്ഷ്യം. ഈ വർഷമാദ്യം കാലിഫോർണിയയിലെ ഡേവിസിലും ഗാന്ധി പ്രതിമ തലവെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു.