ബംഗ്ലാദേശ് രക്ത രൂക്ഷിതം; അവാമി ലീഗ് പ്രവര്‍ത്തകരെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ച് വധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിരവധി അവാമി ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും ഇതോടകം ബംഗ്ലാദേശില്‍ കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം അവാമി ലീഗ് പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ഉള്‍പ്പെടെ 29 മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അവാമി ലീഗ് പ്രവര്‍ത്തകരുടെ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇതോടകം കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കുമിലിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 11 പേര്‍ക്കും അവാമി ലീഗുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോഷോര്‍ ജില്ലയില്‍ അവാമി ലീഗ് നേതാവിന്റെ ഹോട്ടല്‍ കലാപകാരികള്‍ അഗ്നിക്ക് ഇരയാക്കിയിരുന്നു. 24 പേരുടെ ജീവനെടുത്ത ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ വെന്തുമരിച്ചു. മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് ഷാ ആലമിന്റെ മൂന്ന് നില കെട്ടിടം കലാപകാരികള്‍ തീവെച്ചു. തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടാതിരിക്കാന്‍ കലാപകാരികള്‍ ആയുധങ്ങളുമായി കെട്ടിടത്തിന് താഴെ കാത്തുനിന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.