വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് ഒഴിപ്പിച്ചവരെ തിരികെ എത്തിക്കും; യുദ്ധലക്ഷ്യങ്ങളില്‍ മുന്‍ഗണന പ്രഖ്യാപിച്ച് നെതന്യാഹു; ഹിസ്ബുള്ളക്കെതിരെ സൈനിക നടപടി പ്രഖ്യാപിച്ച് ഇസ്രയേല്‍

ഹിസ്ബുള്ളയെ പേടിച്ച് വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് ഒഴിപ്പിച്ചു മാറ്റിയവരെ ഉടന്‍ തന്നെ തിരികെയെത്തിക്കുമെന്ന് ഇസ്രയേല്‍. യുദ്ധലക്ഷ്യങ്ങളില്‍ ആദ്യത്തേത് ഇക്കാര്യമാണെന്ന്
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

ഇറാന്റെ പിന്തുണയില്‍ ലബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഭീകരര്‍ ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ പിറ്റേന്നാണു പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിനെ ആക്രമിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ലബനനോട് ചേര്‍ന്ന വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് 60,000 ഇസ്രേലികളെയാണ് ഒഴിപ്പിച്ചു മാറ്റിയിട്ടുള്ളത്. സൈനിക നടപടിയിലൂടെ മാത്രമേ ഇവരെ തിരികെയെത്തിക്കാന്‍ കഴിയൂ എന്ന് ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് വ്യക്തമാക്കി.

അതേസമയം, ബെയ്‌റൂട്ടില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ മരണം 34 ആയി. 450 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. യുദ്ധം പുതിയ ഘട്ടത്തിലേക്കെന്ന ഇസ്രയേലിന്റെ ആരോപണത്തിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.

പേജര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടനത്തില്‍ വീടുകള്‍ക്കും കടകള്‍ക്കും ഉള്‍പ്പെടെ കേടുപാടുണ്ടായെന്നാണു വിവരം. സംസ്‌കാരച്ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ വോക്കിടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു. ഇസ്രയേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇതോടെ ലബനനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഭാഗത്തേക്ക് സൈനികരെ ഇസ്രയേല്‍ മാറ്റി.