എല്ലാ തീരുമാനവും ഇനി ബെഞ്ചമിന്‍ നെതന്യാഹുന്റേത്; യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് പ്രധാനമന്ത്രി; ഹമാസിന്റെ 'അടിയന്തരം' നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം

ഹമാസുമായുള്ള യുദ്ധം അന്തമഘട്ടത്തില്‍ എത്തിയപ്പോള്‍ യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്നലെയാണ് ആറംഗ യുദ്ധകാല കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് അദേഹം രാജ്യത്തെ അറിയിച്ചത്.

ബെന്നി ഗാന്റസ് യുദ്ധകാല കാബിനറ്റില്‍ നിന്നും രാജിവെച്ചതിന് ശേഷം നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികള്‍ പുതിയ ഒരു അടിയന്തര മന്ത്രിസഭ രുപീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇസ്രായേല്‍ ധനമന്ത്രി ബെസേലേല്‍ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ എന്നിവര്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം തുടരണമെന്നും പുതിയ യുദ്ധകാല മന്ത്രിസഭ രുപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്.

ഗാന്റ്‌സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചത്. ഗാന്റസ് മന്ത്രിസഭ വിട്ടതോടെ അതിന്റെ പ്രസക്തി നഷ്ടമായെന്ന് നെതന്യാഹു വ്യക്തമാക്കി.

അതേസമയം, കൂട്ടക്കുരുതി നടത്തിയ ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ പ്രധാനമന്ത്രിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇസ്രയേല്‍ മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. ഗയിലും റാഫയിലും വെടിനിര്‍ത്തിയാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ മന്ത്രിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭയെ തന്നെ താഴെയിടുമെന്നാണ് ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍ഗ്വിറും വ്യക്തമാക്കി.

ഇതോടെ, ഹമാസ് പൂര്‍ണമായും തകര്‍ന്നാല്‍ മാത്രമേ ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ളൂവെന്ന് ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ സൈനിക, ഭരണശേഷികള്‍ തകര്‍ക്കുക, ബന്ദികളുടെ മോചനം എന്നീ ലക്ഷ്യങ്ങള്‍ നേടുന്നത് വരെ യുദ്ധം അവസാനിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും രാജ്യം തയാറല്ലന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഗസ്സയില്‍ 24 മണിക്കൂറിനിടെ 60 പേര്‍ കൂടി കൊല്ലപ്പെട്ടു. 220 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മരണസംഖ്യ 36,439 ആയി. പരിക്കേറ്റവര്‍ 82,627. ഗസ്സയില്‍ പട്ടിണി മരണം വ്യാപകമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കന്‍ ഗസ്സയില്‍ ദിവസങ്ങള്‍ക്കിടെ മാത്രം 30 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.