ബൈഡന് സംവാദത്തില്‍ പിടിച്ചുനില്‍ക്കാനായില്ല; പിന്മാറിയത് തന്റെ വാക്കുകള്‍ കാരണമെന്ന് ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലെ തന്റെ വാക്കുകളാണ് ജോ ബൈഡനെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിനെതിരെ നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത് നിലവിലെ പ്രസിഡന്റ് കൂടിയായ ജോ ബൈഡനെ ആയിരുന്നു.

ട്രംപുമായി ഇലോണ്‍ മസ്‌ക് എക്‌സിലെ തത്സമയ ശബ്ദ സംപ്രേക്ഷണത്തിനായുള്ള സ്‌പേസസ് എന്ന പ്ലാറ്റ്‌ഫോമില്‍ നടത്തിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ആരോപണം. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ താന്‍ ബൈഡനെ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു അതെന്നും ട്രംപ് പറഞ്ഞു.

സംവാദത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബൈഡന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. അഭിമുഖം ആരംഭിക്കുമ്പോള്‍ പത്ത് ലക്ഷത്തിലേറെ പേര്‍ ഇത് കേള്‍ക്കാന്‍ എത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം എല്ലാവര്‍ക്കും കേള്‍ക്കാനായില്ല. തനിക്ക് നേരെയുണ്ടായ വധശ്രമത്തെ കുറിച്ചും ട്രംപ് അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

Read more

വെടിയേറ്റപ്പോള്‍ തന്നെ അതൊരു എന്താണ് സംഭവിച്ചതെന്നതിനെ പറ്റി തനിക്ക് മനസിലായി. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ ഇവിടെയും ഉണ്ടല്ലോ. താന്‍ കരുതുന്നത് എല്ലാവരും അതേ കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.