ക്രൂഡ് വില 80 ഡോളർ കടക്കും, പെട്രോൾ, ഡീസൽ വില വീണ്ടും കൂടാൻ സാധ്യത

പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന വിലക്കയറ്റം. വൻ പ്രതിഷേധത്തിന് കളമൊരുക്കിയിട്ടുണ്ട്. രാഷ്ട്രീയകക്ഷികളും മുന്നണികളും പ്രതിഷേധം പ്രസ്താവനകളിൽ ഒതുക്കുന്നതിലും ജനങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്. സാമ്പ്രദായികമായ, വഴിപാട് പ്രതിഷേധ സമരങ്ങൾ പോലും ഇന്ന് കാണുന്നില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ന്യുജെൻ പ്രതിഷേധം കനക്കുകയാണ്. ഈ സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിപണിയിൽ ഇനിയെന്ത് എന്ന് നോക്കാം.

രാജ്യാന്തര മാർക്കറ്റിൽ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതാണ് പെട്രോൾ, ഡീസൽ, പാചക വാതകം തുടങ്ങിയ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ലോക വിപണിയിലെ വിലകയററം ഈ വർഷം മൊത്തവും ഉണ്ടാകും എന്നാണ് മാർക്കറ്റ് വിദഗ്ദർ നൽകുന്ന സൂചനകൾ. ഒരു ബാരലിന് 70 ഡോളറാണ് നിലവിൽ വില. 2016 ൽ ഇത് 40 ഡോളറിന് താഴെ എത്തിയതാണ്. എന്നാൽ, ഇപ്പോഴത്തെ മാർക്കറ്റ് സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ക്രൂഡിന്റെ വില അധികം വൈകാതെ 80 ഡോളർ കടക്കുമെന്നാണ് പ്രവചനം. ഈ വർഷാവസാനം ഇത് 90 ഡോളറിനു അടുത്തകുമെന്ന് കരുതുന്നവരുമുണ്ട്.

2017 ൽ പന്ത്രണ്ട് മാസം കൊണ്ട് ക്രൂഡിന്റെ വില 14 ശതമാനം കൂടിയപ്പോൾ ഈ വർഷം കേവലം രണ്ടാഴ്ച കൊണ്ട് കൂടിയത് 3 .6 ശതമാനമാണ്.

ഇനി എന്തൊക്കെയാണ് വിലക്കയറ്റത്തിന് കാരണമായി അനലിസ്റ്റുകൾ പറയുന്നത് എന്ന് നോക്കാം.

1 സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് രാജ്യങ്ങൾ അസംസ്‌കൃത എണ്ണയുടെ ഉത്പാദനം വെട്ടികുറക്കുകയാണ്. ഇവരോട് സഹകരിച്ചു ഒപെകിൽ അംഗമല്ലാത്ത റഷ്യയും ഉത്പാദനം കുറക്കുന്നു. വില കൂട്ടി വരുമാനം ഉയർത്തുക തന്നെയാണ് ഇവരുടെ ലക്‌ഷ്യം.

2 ഷെയ്ൽ ഓയിലിന്റെ ഉത്പാദനം കൂട്ടുന്നതിന് അമേരിക്ക ശ്രമിക്കുന്നുണ്ട്. എന്നാൽ ഉൽപാദന ചെലവ് കൂടുതലായതിനാൽ ഇത് അത്ര ലാഭകരമല്ല.

3 . ഈ വർഷം ലോക സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന റിപ്പോർട്ടുകളാണ് മറ്റൊരു ഘടകം. ഇത് എണ്ണയുടെ
ആഗോള ഡിമാൻഡ് കാര്യമായി ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. ഇത് മുന്നിൽ കണ്ടാണ് ഒപെക് രാജ്യങ്ങൾ ഉല്പാദനത്തിൽ കുറവ് വരുത്തിയിരിക്കുന്നത്.

4 . ഈ സീസണിൽ അമേരിക്ക ഉൾപ്പടെയുള്ള നോർത്ത് അമേരിക്കൻ ഭൂഖണ്ടത്തിൽ കടുത്ത തണുപ്പാണ്. ഇത് ഗ്യാസോലിൻ ഉൾപ്പടെയുള്ള ഉത്പന്നങ്ങളുടെ ഡിമാൻഡ് കൂട്ടുന്നു.

5. ഉത്തര കൊറിയ- അമേരിക്ക സംഘർഷം മുറുകുന്നതും ലോക രാഷ്ട്രീയ രംഗത്തെ കൂടുതൽ സങ്കീർണമാക്കുന്നു. അതുകൊണ്ട് വൻകിട രാജ്യങ്ങൾ പ്രത്യേകിച്ച് അമേരിക്ക എണ്ണയുടെ കരുതൽ സ്റ്റോക്ക് ഉയർത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

6 . എണ്ണ വിപണിയിലെ വളരെ സജീവമായ ഊഹക്കച്ചവടവും വിലകയറ്റത്തിന് കരുത്തു പകരുന്നതാണ്.