13 മക്കളെ കാലങ്ങളോളം ചങ്ങലയ്ക്കിട്ടു; ഭക്ഷണം പോലും കൊടുക്കാതെ കുട്ടികളെ ബന്ദികളാക്കിയ മാതാപിതാക്കള്‍ അറസ്റ്റില്‍

പതിമൂന്ന് മക്കളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. 57 വയസ്സുകാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് അറസ്റ്റിലായത്. ലോസ് ആഞ്ജലസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് സംഭവം. രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള മക്കളെയാണ് ഇവര്‍ ക്രൂരപീഡനത്തിന് വിധേയരാക്കിയത്. കൂട്ടത്തിലെ 17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടവില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസ് കണ്ടെടുക്കുമ്പോള്‍ കുട്ടികള്‍ കാലങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനിലയിലായിരുന്നു.

സഹായം അഭ്യര്‍ഥിച്ചെത്തിയ 17വയസ്സുള്ള പെണ്‍കുട്ടിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാന്‍ പൊലീസെത്തിയപ്പോള്‍ വീടിന്റെ ഉള്‍ഭാഗത്തുനിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. ഇരുട്ട് മുറിയില്‍ കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടിയ നിലയിലായിരുന്നു കുട്ടികള്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം ശരീരം ശോഷിച്ച അവസ്ഥയിലായിരുന്നു. ചെറിയ കുട്ടികളായിരിക്കും ബന്ദികളെന്ന് കരുതിയെന്നും എന്നാല്‍ ചെന്നു നോക്കിയപ്പോഴാണ് അവരില്‍ ഏഴുപേര്‍ 18നും 29നും ഇടയില്‍ പ്രായമുള്ളവരാണെന്ന് മനസിലായതെന്നും പൊലീസ് പറയുന്നു.

കുട്ടികളെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചു. എന്തിനാണ് പ്രതികള്‍ തങ്ങളുടെ സ്വന്തം കുട്ടികളെ ബന്ദികളാക്കിയതെന്നതിനെ കുറിച്ച് പൊലീസ് വെളിപ്പെടുത്തിയില്ല. എത്രനാളായി കുട്ടികളെ ഇത്തരത്തില്‍ താമസിപ്പിക്കന്നതെന്നത് സംബന്ധിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.