രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ല, ആർക്കും ഭീഷണിയില്ലെന്ന് വ്യക്തമാക്കി കാനഡ പൊതു സുരക്ഷാ മന്ത്രാലയം

ഖലിസ്ഥാൻ വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ആർക്കും ഭീഷണിയില്ലെന്ന് വ്യക്തമാക്കി കാനഡ. കാനഡയിൽ വെറുപ്പിന് സ്ഥാനമില്ലെന്നും ആർക്കും ഭീഷണിയില്ലെന്നും കാനഡ പൊതു സുരക്ഷാ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണി സന്ദേശത്തിനെതിരെയാണ് കാനഡയുടെ ഔദ്യോ​ഗിക പ്രതികരണം.

കാന‍ഡ സുരക്ഷിതമായ രാജ്യമാണെന്നും, മറ്റു തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു.ഇന്ത്യ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച സിഖ് നേതാവടക്കമുള്ളയാളുടെ വീഡിയോ പുറത്തുവന്നിരുന്നു. ഭീഷണിയും വെറുപ്പുമുളവാക്കുന്ന സന്ദേശങ്ങളാണ് വീഡിയോയിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഭീഷണികൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

Read more

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഉലച്ചത്. അതിനിടെ, ഇന്ത്യ -കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു.ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ്സും രം​ഗത്തെത്തി.