മുസ്ലീം കുട്ടികള്‍ ഖുര്‍ആന്‍ ക്ലാസുകളില്‍ പോകുന്നതും മതപരിപാടികളില്‍ പങ്കെടുക്കുന്നതും വിലക്കി ചൈനീസ് സര്‍ക്കാര്‍

മുസ്ലീം കുട്ടികള്‍ അവധിക്കാലത്ത് മതപരിപാടികളിലും ഖുര്‍ആന്‍ ക്ലാസുകളിലും പോകുന്നത് വിലക്കി ചൈനീസ് സര്‍ക്കാര്‍.ചൈനീസ് വിദ്യാഭ്യാസ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചൈന മതത്തിന്‍റെ അമിത പ്രചാരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.

ഇസ്ലാം മതത്തിലെ ഹ്യുയി വിഭാഗത്തില്‍പെടുന്നവര്‍ കൂടുതലായുള്ള ലിന്‍ക്‌സിയയിലുള്ള വിദ്യാര്‍ത്ഥികള്‍ മതസ്ഥാപനങ്ങളില്‍ കയറുന്നതും, ഇത്തരം സ്ഥാപനങ്ങളിലെ ചുവരെഴുത്തുകള്‍ വായിക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചരിക്കുന്നതായി ജില്ലാ എജ്യുക്കഷന്‍ ബ്യൂറോ നോട്ടിഫിക്കേഷനില്‍ പറയുന്നു.

ചൈനയിലെ എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും ചൈനയുടെ രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കും പ്രചരണ പരിപാടികള്‍ക്കും അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും എജ്യുക്കേഷന്‍ ബ്യൂറോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍ക്കുലര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാന്‍ ലിന്‍ക്‌സിയ എജ്യുക്കേഷന്‍ ബ്യൂറോ തയ്യാറായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വിദ്യാഭ്യാസത്തെയും മതത്തെയും വേര്‍തിരിക്കാനുള്ള ശക്തമായ ശ്രമമാണ് ഇതെന്ന ചൂണ്ടിക്കാട്ടി ചൈനീസ് മാര്‍ക്‌സിസ്റ്റ് ചിന്തകനായ സര്‍ക്കുലറിനെ സ്വാഗതം ചെയ്തു.

കഴിഞ്ഞ വേനല്‍ക്കാലത്ത് ചൈനയിലെ ജറുസലേം എന്നറിയപ്പെടുന്ന വെന്‍ഹ്യു നഗരത്തില്‍ സണ്‍ഡേ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വിലക്ക് ബാധിക്കാത്ത രീതിയില്‍ കുട്ടികള്‍ക്ക് മതപഠനം നടത്താന്‍ രക്ഷിതാക്കള്‍ ശ്രമിച്ചിരുന്നു.

നിയമപ്രകാരം ചൈന എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ മതം തടസമാകരുതെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.