അഫ്ഗാനില്‍ ചൈനക്കാര്‍ താമസിക്കുന്ന ഹോട്ടലിനു നേരെ ആക്രമണം; മൂന്ന് പേരെ വധിച്ച് താലിബാന്‍, ഉത്തരവാദിത്വം ഏറ്റ് ഐ.എസ്

അഫ്ഗാനിസ്ഥാനില്‍ വിദേശികള്‍ താമസിക്കാറുള്ള ഹോട്ടലിനുനേര്‍ക്ക് ആയുധധാരികളുടെ ആക്രമണം. കാബൂളിലെ ഷാറെ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം. ചൈനീസ് ഉദ്യോഗസ്ഥര്‍ അഫ്ഗാനിലെത്തുമ്പോള്‍ താമസിക്കാന്‍ സ്ഥിരമായി തിരഞ്ഞെടുക്കുന്നതിനാല്‍ ചൈനീസ് ഹോട്ടലെന്നാണ് ഈ ഹോട്ടലിനെ പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്.

ഹോട്ടലിനു നേര്‍ക്ക് തിങ്കളാഴ്ചയുണ്ടായ ഭീകരരുടെ ആക്രമണം മണിക്കൂറുകളോളം നീണ്ടു. ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ചതായി താലിബാന്‍ അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ ജനല്‍വഴി ചാടിയ രണ്ടു വിദേശികള്‍ക്കു പരിക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നിരന്തരം ആക്രമണം നടത്തിവരികയാണ്.

Read more

സ്‌ഫോടനത്തിന്റെയും വെടിവയ്പ്പിന്റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ആക്രമണം ആയിരുന്നു ഇതെന്ന് കാബൂള്‍ പൊലീസിനുവേണ്ടി നിയമിതനായ താലിബാന്‍ വക്താവ് ഖാലിദ് സദ്രാന്‍ അറിയിച്ചു.