ലൈവിനിടയില്‍ ലെബനന്‍ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ഇടിച്ചു കയറുന്ന ഇസ്രയേല്‍ മിസൈല്‍; വൈറലായി ഞെട്ടിപ്പിക്കുന്ന വീഡിയോ

ലെബനന്‍ മാധ്യമപ്രവര്‍ത്തകന് വീട്ടില്‍ നിന്ന് തത്സമയ ടിവി ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റു. ടിവി ചര്‍ച്ചയ്ക്കിടെ മിരായ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്കിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ആയ ഫാദി ബൗദയയ്ക്കാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റത്. ഫാദി ബൗദയയുടെ വീട്ടിലേക്ക് മിസൈല്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം കണ്ടവര്‍ ഞെട്ടിത്തരിച്ചു.

വീട്ടിലേക്ക് മിസൈല്‍ പതിച്ച നിമിഷം വീടിന്റെ മറ്റൊരു ഭാഗത്തായി ലൈവില്‍ പങ്കെടുക്കുകയായിരുന്ന ബൗദയയുടെ പിന്നില്‍ വലിയ സ്‌ഫോടനം നടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മാധ്യമപ്രവര്‍ത്തകന് ബാലന്‍സ് നഷ്ടപ്പെടുകയും സ്‌ക്രീനില്‍ കാണാനാകാത്ത വിധം തെറിച്ച് മാറുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍.

സ്‌ഫോടനം നടന്നതിന്റെ ആഘാതത്തില്‍ അലറി വിളിച്ചു കൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ തെറിച്ചുപോകുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ നിസ്സാര പരുക്കുകള്‍ മാത്രമേ പറ്റിയുള്ളൂവെന്ന് തന്റെ എക്‌സ് പ്ലാറ്റ് ഫോം അക്കൗണ്ടിലൂടെ ബൗദിയ വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയോട് അനുഭാവം പുലര്‍ത്തുന്നതായി പറയപ്പെടുന്ന ഫാദി തന്നെ വിളിച്ചവര്‍ക്കും ആശങ്കപ്പെട്ടവര്‍ക്കും സന്ദേശമയച്ചവര്‍ക്കും നന്ദി അറിയിക്കുകയും സുഖമായിരിക്കുന്നുവെന്ന് പോസ്റ്റിടുകയും ചെയ്തു.

ദൈവത്തിനും അവന്റെ അനുഗ്രഹത്തിനും നന്ദി, ചെറുത്തുനില്‍പ്പിനെ പിന്തുണച്ച് ഞങ്ങളുടെ മാധ്യമ കടമ തുടരാന്‍ ഞങ്ങള്‍ ഇറങ്ങുന്നു

ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഫാദി ബൗദയയ്ക്കെതിരായ ആക്രമണം. കഴിഞ്ഞ ഒക്ടോബറില്‍ ഗാസ- ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍, അതിര്‍ത്തി കടന്നുള്ള തീവ്ര സംഘട്ടനത്തില്‍ ഇരുപക്ഷവും ഏര്‍പ്പെട്ടിരുന്നു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ശത്രുത ഹിസ്ബുള്ള അംഗങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് കൂടുതല്‍ വഷളായി. ഹിസ്ബുള്ള തീവ്രവാദികളുടെ ആശയവിനിമയ ഉപകരണങ്ങളായ പേജറുകളും വാക്കി-ടോക്കികളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം.

തിങ്കളാഴ്ച ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 കുട്ടികളടക്കം 550 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് വൈകുന്നേരം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു വീഡിയോ സന്ദേശം പുറത്തിറക്കി, ലെബനന്‍ പൗരന്മാരോട് അവരുടെ വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇത്. ഓപ്പറേഷന്‍ പൂര്‍ത്തിയായാല്‍ അവര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാമെന്നും നെതന്യാഹു പറഞ്ഞു. പിന്നാലെ ചൊവ്വാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ വിഭാഗം തലവന്‍ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു.