ഭാഗ്യം വലയിലാക്കി പാകിസ്ഥാനിലെ മീന്‍പിടുത്തക്കാര്‍; ലഭിച്ചത് കോടികള്‍ വില വരുന്ന സോവ മത്സ്യങ്ങള്‍

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയവരുടെ ജീവിതം മാറി മറിച്ച് ഗോള്‍ഡന്‍ ഫിഷ്. ലക്ഷങ്ങള്‍ വില വരുന്ന അപൂര്‍വ്വ ഇനം മത്സ്യം വലയില്‍ കുടുങ്ങിയതോടെയാണ് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ഭാഗ്യം തെളിഞ്ഞത്. ഏകദേശം ഏഴ് കോടി രൂപയ്ക്കാണ് വലയില്‍ കുടുങ്ങിയ സോവ എന്ന ഗോള്‍ഡന്‍ ഫിഷ് വിറ്റുപോയത്.

ഇബ്രാഹിം ഹൈദരി എന്ന മത്സ്യബന്ധന ഗ്രാമത്തിലെ ഹാജി ബലോച്ചിനും സംഘത്തിനുമാണ് കഴിഞ്ഞ ദിവസം അറബിക്കടലില്‍ നിന്ന് സോവ ലഭിച്ചത്. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട മത്സ്യം ലേലത്തിലാണ് വിറ്റഴിച്ചത്. അത്യപൂര്‍വ്വമായി മാത്രം ലഭിക്കുന്ന മത്സ്യമാണ് സോവ. അമൂല്യമായി കണക്കാക്കുന്ന സോവ മത്സ്യത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വാദം.

മത്സ്യത്തിന്റെ വയറിനുള്ളില്‍ നിന്നുള്ള പദാര്‍ത്ഥങ്ങള്‍ക്കാണ് ഔഷധ ഗുണമുണ്ടെന്ന് കരുതുന്നത്. മീനില്‍ നിന്ന് ലഭിക്കുന്ന നൂലിന് സമാനമായ പദാര്‍ത്ഥം ശസ്ത്രക്രിയയിലും ഉപയോഗിച്ച് വരുന്നതായി പറയുന്നു. ഹാജി ബലോച്ചിനും സംഘത്തിനും ഒരു മത്സ്യത്തിന് മാത്രം 70 ലക്ഷം രൂപ വരെ ലഭിച്ചതായാണ് പാകിസ്ഥാന്‍ ഫിഷര്‍മെന്‍ ഫോക്ക് ഫോറം അറിയിച്ചത്.

Read more

വിരളമായി മാത്രം ലഭിക്കുന്ന മീനിന് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രിയമാണ്. 20 മുതല്‍ 40 കിലോ ഗ്രാം വരെ തൂക്കവും 1.5 മീറ്റര്‍ വരെ നീളവുമാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു സോവയ്ക്ക് ഉണ്ടാവുക. മത്സ്യം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ലഭിച്ച പണം സംഘത്തിലെ ഏഴ് പേരുമായി പങ്കിടുമെന്നും ഹാജി ബലോച്ച് പറഞ്ഞു.