കുട്ടികള്‍ക്കെതിരെയുള്ള വൈദികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കുറ്റസമ്മതവുമായി മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ കുട്ടികളെ പീഡിപ്പിച്ച വൈദികനെ സംബന്ധിച്ച 1980ല്‍ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചതായും ബെനഡിക്ട് പതിനാറാമന്‍ വ്യക്തമാക്കി.മുമ്പ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ലെന്നായിരുന്നു മുന്‍ മാര്‍പ്പാപ്പ പറഞ്ഞത്. ജര്‍മ്മനിയില്‍ നിന്നുള്ള അന്വേഷകര്‍ക്ക് ഇത് സംബന്ധിച്ച് നല്‍കിയ പ്രസ്താവന എഡിറ്റോറിയല്‍ പിശകായിരുന്നുവെന്നുമാണ് തിങ്കളാഴ്ച ബെനഡിക്ട് പതിനാറാമന്‍ വിശദമാക്കിയത്.
1977 നും 1982 നും ഇടയില്‍ മ്യൂണിക്കിലെ ആര്‍ച്ച് ബിഷപ്പായിരിക്കെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച നാല് വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബെനഡിക്റ്റ് 16ാമന്‍ പരാജയപ്പെട്ടുവെന്ന അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് മുന്‍ മാര്‍പ്പാപ്പായുടെ കുറ്റസമ്മതമെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് സംഭവിച്ച തെറ്റില്‍ ക്ഷമാപണം നടത്തുന്നതായും അങ്ങനെ സംഭവിച്ചത് മനപ്പൂര്‍വ്വമായിരുന്നില്ലെന്നും ബെനഡിക്ട് 16ാമന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ ജോര്‍ജ്ജ് ഗാന്‍സ്വീന്‍ വിശദമാക്കി.
1945നും 2019നും ഇടയില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടത് സംബന്ധിച്ച് അന്വേഷണത്തിന് ആന്‍ഡ് ഫ്രെയ്സിംഗ് അതിരൂപതയാണ് നിയമ സ്ഥാപനമായ വെസ്റ്റ്ഫാള്‍ സ്പില്‍ക്കര്‍ വാസ്റ്റലിനെ നിയോഗിച്ചത്. കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്ന് ആരോപണം നേരിട്ടിരുന്ന വൈദികനായ പീറ്റര്‍ ഹുള്ളര്‍മാനെ മ്യൂണിക്കില്‍ നിന്നും എസനിലേക്ക് സ്ഥലം മാറ്റാനായിരുന്നു മുന്‍ മാര്‍പ്പാപ്പാ കൂടി ഭാഗമായ ചര്‍ച്ചയില്‍ തീരുമാനമായത്. ഇവിടെ എത്തിയ വൈദികന്‍ 11 വയസുള്ള ബാലനെ പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
Read more
തുടര്‍ച്ചയായി ആരോപണ വിധേയനായിട്ടും ഈ വൈദികനെ രൂപതയില്‍ പ്രവേശിപ്പിക്കാനായിരുന്നു ചര്‍ച്ചയിലെ തീരുമാനം. 1986-ല്‍ പീഡോഫീലിയയ്ക്കും അശ്ലീലസാഹിത്യം വിതരണം ചെയ്തതിനും ശിക്ഷിക്കപ്പെട്ട ശേഷവും ഇതേ വൈദികനെ അജപാലനെ ദൌത്യത്തിന് നിയമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. 2005 മുതല്‍ 2013 വരെയായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായിരുന്നത്. 2013ല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. കത്തോലിക്കാ സഭയുടെ 600 വര്‍ഷത്തെ ചരിത്രത്തില്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്നും സ്വയം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാര്‍പാപ്പ കൂടിയായിരുന്നു ബെനഡിക്ട് 16ാമന്‍.