കുരുന്നുകളുടെ തലയറുത്തു; പെണ്‍കുട്ടികളെ ക്രൂരലൈംഗിക പീഡനത്തിന് ഇരയാക്കി; ഹമാസ് തീവ്രവാദികളെ പലസ്തീന്‍ സംഘടനകളും പിന്തുണച്ചു; ആഞ്ഞടിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ഇസ്രയേലിനെതിരെ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണങ്ങള്‍ എണ്ണമിട്ട് വിവരിച്ച് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഹമാസും മറ്റ് പലസ്തീന്‍ തീവ്രവാദ സംഘടനകളും നിരവധി യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേലിലെ നിരായുധരായവരെ വെടിവെച്ചു വീഴ്ത്തിയതും കഴുത്തറത്ത് കൊന്നതും നീതികരിക്കാനാവാത്തതാണ്. യാതൊരു പ്രകോപനവും കൂടാതെയാണ് ഒക്‌ടോബര്‍ ഏഴിലെ ആക്രമണം നടന്നത്. ഇസ്രേലികള്‍ക്കെതിരേ ബോധപൂര്‍വവും വിവേചനരഹിതവുമായ ആക്രമണങ്ങള്‍ നടന്നുവെന്ന് സംഘടനയുടെ അസോസിയേറ്റ് ഡയറക്ടര്‍ ബെല്‍കിസ് വില്ലെ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കസ്റ്റഡിയിലുള്ളവരെ കൊലപ്പെടുത്തല്‍, മനുഷ്യത്വരഹിത പെരുമാറ്റം, ലൈംഗിക പീഡനം, ബന്ദിയാക്കല്‍, മൃതദേഹങ്ങള്‍ വികൃതമാക്കല്‍, കൊള്ള, മനുഷ്യരെ പരിചകളാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പലസ്തീന്‍ തീവ്രവാദികള്‍ ചെയ്തു. ഹമാസ് ആയിരുന്നു ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ പിന്തുണയുമായി പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പോലുള്ള മറ്റു തീവ്രവാദ സംഘടനകളും ആക്രമണത്തില്‍ പങ്കുചേര്‍ന്ന് കൂട്ടക്കുരുതി നടത്തി.

ഗാസയ്ക്കു ചുറ്റുമുള്ള ഇസ്രേലി പ്രദേശങ്ങള്‍, സൈനിക താവളങ്ങള്‍ മുതലായവയ്ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അവിശ്വസനീയമാംവിധം സംഘടിതവും ഏകോപിതവുമായിരുന്നു. തീവ്രവാദികള്‍ കണ്ണില്‍കണ്ടവര്‍ക്കെല്ലാം നേര്‍ക്ക് വെടിയുതിര്‍ത്തു. വീടുകളിലേക്ക് ഗ്രനേഡുകള്‍ പ്രയോഗിച്ചു. വീടുകള്‍ക്കും ആളുകള്‍ക്കും തീയിട്ടു. കുഞ്ഞുങ്ങളെ വരെ വധിക്കുന്ന ക്രൂരതയില്‍ എത്തി. ഭീകരര്‍ ഇസ്രയേലി വനിതകളെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.