അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കി ഡെമോക്രാറ്റുകൾ. ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലാനിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. റൂഡിയോട് ട്രംപുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഹാജരാക്കാൻ പ്രതിനിധി സഭ ഉത്തരവിട്ടു.
വിദേശ നേതാക്കളുമായുള്ള ട്രംപിന്റെ ആശയ വിനിമയങ്ങളുടെ രേഖകൾ ഹാജരാക്കാനാണ് പ്രതിനിധി സഭ റൂഡി ഗിലാനിയോട് ഉത്തരവിട്ടിരിക്കുന്നത്. ഇൻറലിജൻസ്, വിദേശകാര്യം ഓവർസൈറ്റ് എന്നീ കമ്മിറ്റികൾ ചേർന്നാണ് ട്രംപിനെതിരെയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ ഡെമോക്രാറ്റുകൾ റൂഡിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിനിധി സഭ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടത്തിന്റെ ഉക്രെയിനുമായുള്ള ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് ഡെമോക്രാറ്റുകൾ ഉത്തരവിട്ടിരുന്നു. ഒരാഴ്ചയാണ് പോംപിയോക്ക് നൽകിയിരിക്കുന്ന സമയപരിധി. എന്നാൽ ഉത്തരവിനോട് ഇതുവരെ പോംപിയോ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതോടെ ട്രംപുമായി ബന്ധമുള്ള കൂടുതൽ ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read more
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും അദ്ദേഹത്തിൻറെ മകനുമെതിരെ അന്വേഷണം നടത്താൻ ഉക്രെയ്ൻ പ്രസിഡന്റെ വ്‌ളാഡിമർ സെലൻസ്‌കിയോട് ആവശ്യപ്പെട്ടു എന്നാരോപിച്ച്, കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ചത്. ഇംപീച്ച്‌മെന്റ് ഉത്തരവിട്ടതിന് പിന്നാലെ ട്രംപ് ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ട്രംപിന്റെ ഫോൺ സംഭാഷണം പുറത്തു വിട്ട് ഡെമോക്രാറ്റുകൾ ആരോപണങ്ങൾക്ക് ശക്തി പകർന്നിരുന്നു.