അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂര്‍ നീണ്ട കൂട്ടിക്കാഴ്ചയ്‌ക്കൊടുവില്‍ സംഘര്‍ഷത്തില്‍ അയവ് വരുത്തണം എന്ന സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളില്‍ നിന്നും വന്നു. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനും ധാരണയായി. മൂന്നു മാസത്തിൽ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്.
ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും, ചൈനയുടെ വിദേശകാര്യ മന്ത്രി വാംഗ് ക്വിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ച് കാര്യങ്ങളില്‍ ധാരണയായി എന്ന് വ്യക്തമാക്കുന്നതാണ് സംയുക്ത പ്രസ്താവന. രണ്ട് സേനകള്‍ക്കും ഇടയിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കണം, സേനകള്‍ക്കിടയില്‍ ഉചിതമായ അകലം നിലനിര്‍ത്തണം, സൈനികതല ചര്‍ച്ചകള്‍ തുടരണം, എത്രയും പെട്ടെന്ന് സേന പിന്മാറ്റം നടത്തണം, സ്ഥിതി സങ്കീര്‍ണമാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്നിങ്ങനെയാണ് മോസ്‌കോയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണയായിരിക്കുന്നത്.
എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്ക് തൊട്ടു മുമ്പ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കണ്ടിരുന്നു. തിങ്കളാഴ്ച പാങ്ങോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-ചൈന ചര്‍ച്ച. നടത്തിയത്. ചര്‍ച്ച നടത്തണം എന്ന ആവശ്യം ചൈന ഇന്ത്യക്ക് മുന്‍പാകെ വെയ്ക്കുകയായിരുന്നു. പാങ്ങോംഗ് തടാകത്തിലെ ഫിംഗർ പോയിന്റ് മൂന്നിനോട് ചേർന്ന് ചൈന വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്. അതേസമയം അതിർത്തിയിൽ ഇന്ത്യ വ്യോമനിരീക്ഷണം ഉൾപ്പെടെയുള്ളവ ശക്തമാക്കി. സുഖോയ്, മിഗ് വിമാനങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ചൈനയ്ക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ വ്യോമാഭ്യാസം ശക്തമാക്കിയത്.