ഇസ്രായേല്‍-ഹിസ്ബുല്ല സംഘര്‍ഷം ബോംബിങ്ങില്‍; അടിയന്തരമായി ഇന്ത്യക്കാര്‍ ലെബനന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി; പശ്ചിമേഷ്യയില്‍ അശാന്തി

ലബനനില്‍ ഇസ്രായേല്‍-ഹിസ്ബുല്ല സംഘര്‍ഷം ബോംബിങ്ങില്‍ എത്തിയതോടെ ഇന്ത്യാക്കാര്‍ രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ഷുകൂര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുദ്ധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് എംബസിയുടെ നിര്‍ദേശം.

മേഖലയിലെ സമീപകാല സംഭവവികാസങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണം. എല്ലാ ഇന്ത്യക്കാരോടും ലെബനന്‍ വിടണമെന്നും ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് കണ്ടാണ് ഇന്ത്യന്‍ എംബസി ജാത്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലെബനാനില്‍ തുടരേണ്ട സാഹചര്യമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്കകമായിരുന്നു ഹിസ്ബുല്ല നേതാവും കൊല്ലപ്പെട്ടത്.

ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാന്‍ഡര്‍ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തിയത്. തീവ്രവാദികളെ തിരഞ്ഞ് പിടിച്ച് വധിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് പകരമാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. ഐഡിഎഫിന്റെ പ്രത്യാക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെടുകയും 74 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സൂത്രധാരന്‍ ഫുആദ് ആയിരുന്നു. തുടര്‍ന്നാണ് ഇയാളെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്.

കഴിഞ്ഞ ജനുവരിയില്‍ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് സാലിഹ് അരൂരി കൊല്ലപ്പെട്ടിരുന്നു. 2006ന് ശേഷം ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തുന്ന ആദ്യ ആക്രമണമായിരുന്നു അത്.