മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരന് സിങ്കപ്പൂരില്‍ വധശിക്ഷ. മലേഷ്യയിലെ കിഷോര്‍ കുമാര്‍ രാഗുവാനാ(41)ണ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയ സിങ്കപ്പൂര്‍ പൗരനായ പങ് ആഹ് കിയാങി(61)നെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
2016 ജൂലായിലാണ് കിഷോര്‍ കുമാര്‍ ഹെറോയിന്‍ കടത്തിയതിന് സിങ്കപ്പൂരില്‍ പിടിയിലായത്. ബൈക്കില്‍ സിങ്കപ്പൂരിലെത്തിയ ഇയാള്‍ പങ് കിയാങ്ങിന് ഒരു ബാഗ് കൈമാറിയിരുന്നു. ഈ ബാഗില്‍നിന്നാണ് 36.5 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തത്. സിങ്കപ്പൂരിലെ നിയമപ്രകാരം 15 ഗ്രാമിന് മുകളില്‍ ഹെറോയിന്‍ കടത്തിയാല്‍ വധശിക്ഷ വിധിക്കാം. ഇതനുസരിച്ചാണ് പ്രതിയെ ഹൈക്കോടതി ശിക്ഷിച്ചത്.
അതേസമയം, സിങ്കപ്പൂരില്‍ കൈമാറാന്‍ ഏല്‍പ്പിച്ച ബാഗില്‍ ഹെറോയിന്‍ ഉണ്ടായിരുന്നതായി തനിക്കറിയില്ലായിരുന്നുവെന്ന് പ്രതി വാദിച്ചു. ബാഗ് സിങ്കപ്പൂരിലെത്തിച്ചാല്‍ 160 യുഎസ് ഡോളറാണ് തനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും ബാഗില്‍ അലങ്കാരക്കല്ലുകളാണെന്നാണ് താന്‍ വിചാരിച്ചതെന്നും പ്രതി പറഞ്ഞു. കിഷോറില്‍നിന്ന് വാങ്ങിയ ബാഗ് തന്റെ ഭാര്യാസഹോദരന് വേണ്ടി തത്കാലം കൈയില്‍വെയ്ക്കുകയാണ് ചെയ്തതെന്ന് മറ്റൊരു പ്രതിയായ പങ് കിയാങ്ങും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ രണ്ടുവാദങ്ങളും കോടതി തള്ളുകയായിരുന്നു.
Read more
ഹെറോയിന്‍ അടങ്ങിയ ബാഗും സ്വീകരിച്ച് വാടകവീട്ടിലേക്ക് പോകുന്നതിനിടെയാണ് സെന്‍ട്രല്‍ നാര്‍കോട്ടിക്സ് ബ്യൂറോ(സിഎന്‍ബി) പങ് കിയാങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇയാളുടെ വാടകവീട്ടില്‍നിന്ന് കൂടുതല്‍ മയക്കുമരുന്നുകളും കണ്ടെടുത്തിരുന്നു. ബാഗില്‍ ഉണ്ടായിരുന്നത് ഹെറോയിന്‍ ആണെന്ന് കിഷോറിന് അറിയാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ബാഗ് കൈമാറിയാല്‍ 6000 സിങ്കപ്പൂര്‍ ഡോളറാണ് കിഷോറിന് വാഗ്ദാനം ചെയ്തിരുന്നതെന്നും ഇയാള്‍ മയക്കുമരുന്ന് കടത്തിന്റെ ഇടനിലക്കാരനാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.