ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടു; ഖാസിം സുലൈമാനിയെ കൊന്നതിനുള്ള പ്രതികാരം; സുരക്ഷ വര്‍ധിപ്പിച്ചു; പരിക്കുമായി വീണ്ടും പൊതുവേദിയില്‍

അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടെന്ന് യുഎസിന് രഹസ്യവിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമുണ്ടായ വധശ്രമത്തിന് ആഴ്ച്ചകള്‍ മുന്നേതന്നെ ഈ റിപ്പോര്‍ട്ട് അമേരിക്കയ്ക്ക് ലഭിച്ചിരുന്നു.

അജ്ഞാതനായ ഒരാളില്‍നിന്നാണ് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് ട്രംപിനുള്ള സുരക്ഷ വര്‍ധിപ്പിച്ചിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ട്രംപിനുനേരേയുള്ള ഇറാന്റെ വധഭീഷണിയുമായി അക്രമി തോമസ് ക്രിക്കിന് ഒരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ, ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു.

2020-ല്‍ ട്രംപ് പ്രസിഡന്റായിരിക്കേയാണ് ഇറാന്റെ ഖുദ്സ് സേനാതലവന്‍ ഖാസിം സുലൈമാനിയെ യു.എസ്. ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചത്. അതേത്തുടര്‍ന്ന് ട്രംപിനും അന്നത്തെ വിദേശകാര്യസെക്രട്ടറിയായിരുന്ന മൈക്ക് പൊമെപോയ്ക്കും ഇറാനില്‍നിന്ന് വധഭീഷണിയുണ്ടായിരുന്നു.

ശനിയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ട് പ്രസിഡന്റുമാരുടെയും മുന്‍പ്രസിഡന്റുമാരുടെയും സുരക്ഷാചുമതല വഹിക്കുന്ന സീക്രട്ട് സര്‍വീസ് പ്രതിക്കൂട്ടിലായതിനിടെയാണ് ഈ വിവരം പുറത്തുവന്നത്. എന്നാല്‍, ചെവിക്ക് വെടിയുണ്ട കൊണ്ട് ഏറ്റ പരിക്ക് അവഗണിച്ച് അദേഹം വീണ്ടും പൊതുവേദിയില്‍ എത്തി.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റതോടെയാണ് സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക സുരക്ഷാ വിഭാഗമാണ് സീക്രട്ട് സര്‍വീസ്. ഭരണത്തിലിരിക്കുന്നതും ഭരണമൊഴിഞ്ഞതുമായ പ്രസിഡന്റുമാര്‍ക്ക് സുരക്ഷ നല്കുക എന്ന ഒറ്റ ചുമതലയേ സീക്രട്ട് സര്‍വീസിനുള്ളൂ. ആ ഉത്തരവാദിത്വത്തില്‍ അവര്‍ പരാജയപ്പെടുന്ന ദൃശ്യങ്ങളാണ് ശനിയാഴ്ച വൈകുന്നേരം പുറത്തുവന്നത്.

43 വര്‍ഷം മുമ്പ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനു നേര്‍ക്കുണ്ടായ വധശ്രമത്തിനുശേഷം അമേരിക്കയില്‍ ഒരു രാഷ്ട്രീയ നേതാവ് ആക്രമിക്കപ്പെട്ടു. അതീവ സുരക്ഷയുള്ള ട്രംപിനു നേര്‍ക്കുണ്ടായ വധശ്രമം എല്ലാംകൊണ്ടും സീക്രട്ട് സര്‍വീസിന്റെ പരാജയമെന്നാണ് ജനങ്ങള്‍ വിലയിരുത്തപ്പെടുന്നു.

ട്രംപ് പ്രസംഗിക്കുന്ന വേദിയില്‍നിന്ന് 150 മീറ്ററില്‍ താഴെ ദൂരമുള്ള കെട്ടിടത്തിനു മുകളില്‍ യന്ത്രത്തോക്കുമായി അക്രമി കയറിപ്പറ്റിയതെങ്ങനെ എന്ന ചോദ്യമുയരുന്നു. സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ വധിക്കുന്നതിനു മുന്പേ അക്രമിക്കു വെടിയുതിര്‍ക്കാന്‍ കഴിഞ്ഞത് ആശ്ചര്യകരമാണെന്നാണ് അമേരിക്കയിലെ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ട്രംപിനു നേര്‍ക്കുണ്ടായ വധശ്രമത്തെക്കുറിച്ചുള്ള വിശദീകരണം അമേരിക്കന്‍ ജനത ആവശ്യപ്പെടുന്നതായി ജനപ്രതിനിധിസഭയിലെ അന്വേഷണ സമിതിയായ ഓവര്‍സൈറ്റ് കമ്മിറ്റി വ്യക്തമാക്കിക്കഴിഞ്ഞു. സീക്രട്ട് സര്‍വീസ് മേധാവി കിംബര്‍ലി ചിയാറ്റില്‍ 22ന് ഹാജരായി വിശദീകരണം നല്കാനാണ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.