ലെബനനിലെ ആഭ്യന്തരസുരക്ഷ അപകടത്തില്‍; ഇലട്രോണിക്ക് ഉപകരണങ്ങളുടെ പൊട്ടിത്തെറിയില്‍ ഞെട്ടി ഹിസ്ബുള്ള; വാക്കി ടോക്കി സ്‌ഫോടനത്തില്‍ മരണം 14 കടന്നു

ലെബനനിലെ സായുധ വിഭാഗമായ ഹിസ്ബുള്ളക്കാര്‍ ഉപയോഗിക്കുന്ന പേജറിന് പുറമെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടയ അപകടത്തില്‍ 14 പേര്‍ മരിച്ചു. 450 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്.

ദക്ഷിണ ലെബനന്‍, ബെക്കാ വാലി, ബയ്റുത്ത് തുടങ്ങി മൂന്നിടങ്ങളിലായി സ്ഫോടനം നടന്നതായാണ് വിവരം. എന്നാല്‍ എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ളയുടെ എംപിമാരായ അലി അമ്മാറിന്റെയും ഹസന്‍ ഫദ്ലുള്ളയുടെയും ആണ്‍ മക്കള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ 2750 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പരിക്കേറ്റ 200ലധികം പേരുടെ പരിക്ക് ഗുരുതരമാണെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരുക്കേറ്റവരില്‍ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേല്‍ ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം.

Read more

രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലുമായി വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതായി സുരക്ഷാ വൃത്തങ്ങളും ദൃക്സാക്ഷികളും അറിയിച്ചു.