റഷ്യയുമായി നടത്തിയ കൂടികാഴ്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി; കുറ്റം സമ്മതിച്ച് ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന ആരോപണത്തില്‍ ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്‍ കുറ്റക്കാരനാണെന്ന് കോടതി. കൂടിക്കാഴ്ച്ച സംബന്ധിച്ച് മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കൈമാറി എന്ന ആരോപണം ഫ്ലിന്‍ കോടതിയില്‍ സമ്മതിച്ചു.

ട്രംപിന്റെ വിജയത്തിനായി റഷ്യ രഹസ്യ ഇടപെടല്‍ നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് നാല് വ്യത്യസ്ത അന്വേഷണങ്ങളാണ് എഫ്ബിഐ നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ഫ്‌ലിന്‍ മറച്ചുവെച്ചെന്ന് എഫ്ബിഐ കണ്ടെത്തിയിരുന്നു.

പ്രസിഡന്റായുള്ള ട്രംപിന്റെ സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക മുമ്പ് ഫ്ലിന്‍ അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതിയായ സെര്‍ജി കിസ്ലെയ്ക്കുമായി ചര്‍ച്ച നടത്തിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയില്‍ സംസാരിച്ച വിവരങ്ങള്‍ ഫ്‌ലിന്‍ മറച്ചുവെച്ചു. സംഭവം വിവാദമായതോടെ കൂടികാഴ്ച തന്റെ അറിവോടെയല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഫ്‌ളിന്റെ രാജിയിലും കലാശിച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തത് ഫ്‌ലിന്‍ ആയിരുന്നു.