ഒരു കിലോ സവാളയ്ക്ക് വില ആയിരത്തിന് മുകളില്‍; അനധികൃത കടത്തിന് ഇറങ്ങി ജനം

ഫിലിപ്പീന്‍സില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഫിലിപ്പീന്‍സില്‍ ഉള്ളിയുടെ വില കഴിഞ്ഞ മാസം കിലോയ്ക്ക് 700 പെസോ ആയി ഉയര്‍ന്നു. അതായത് ഫിലിപ്പീന്‍സില്‍ ഒരു കിലോ സവാളയ്ക്ക് ഇന്ത്യന്‍ രൂപ ആരിരത്തിനും മുകളിലാണ്. ഇതോടെ വിവിധയിടങ്ങളില്‍ നിന്നും അനധികൃതമായി സവാള കടത്താനും ജനം ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

ഫിലിപ്പീന്‍സ് ഭക്ഷണത്തിലെ പ്രധാന ഇനമാണ് സവാള. എന്നാല്‍ വിലയുയര്‍ന്നതോടെ നേരത്തെ ഒരു ദിവസം മൂന്നോ നാലോ കിലോ വാങ്ങിയിരുന്ന ചെറുകിട ഹോട്ടലുടകള്‍ ഇന്ന് അരക്കിലോ സവാള മാത്രമാണ് ഹോട്ടലുകളില്‍ ഉപയോഗിക്കുന്നത്.

വില നിയന്ത്രണത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നാണ് വിവരം. ഈ മാസം ആദ്യം രാജ്യത്തേക്ക് ചുവപ്പ്, മഞ്ഞ സവാളകള്‍ ഇറക്കുമതിക്കായി അനുമതി നല്‍കിയിരുന്നു.

ഭക്ഷണം മുതല്‍ ഇന്ധനം വരെ ഫിലീപ്പീന്‍സ് വലിയ വിലക്കയറ്റത്തേയും ഭക്ഷ്യക്ഷാമത്തേയുമാണ് അഭിമുഖീകരിക്കുന്നത്. ഇതൊരു അടിയന്തര സാഹചര്യമാണെന്നാണ് പ്രസിഡന്റ് ഫെര്‍ഡിനന്റ് മാര്‍കോസ് ജൂനിയര്‍ പ്രതികരിച്ചത്.