രാജീവ് ഗാന്ധിയെ നാവികന്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം; ചിത്രം പകര്‍ത്തിയ ഫോട്ടോ ജേര്‍ണലിസ്റ്റ് അന്തരിച്ചു

പ്രശസ്ത ശ്രീലങ്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ സേന വിനഗാമ (76) അന്തരിച്ചു. ലങ്കയിലെ ലേക്ക് ഹൗസ് പത്രത്തിലും എ.എഫ്.പി വാര്‍ത്താ ഏജന്‍സിയിലും വര്‍ഷങ്ങളോളം വിനഗാമ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു.

1979ലാണ് ലേക്ക് ഹൗസ് പത്രത്തില്‍ ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് എഎഫ്പിയില്‍ ജോലി ചെയ്തു. പ്രാദേശിക തലത്തിലും രാജ്യന്തര തരത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വലിയ ശ്രദ്ധനേടി. 1995ല്‍ ശ്രീലങ്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ശ്രീലങ്കന്‍ നാവികന്‍ ആക്രമിക്കാന്‍ ശ്രമിച്ച ചിത്രമാണ് സേന വിനഗാമയെ പ്രശസ്തനാക്കിയത്. ആ സംഭവത്തിന്റെ ചിത്രം പകര്‍ത്തിയ ഒരെയൊരു ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം.

1987 ജൂലായ് 30ന് ലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടെയാണ് രാജീവ് ഗാന്ധിയെ വിജിത റൊഹാന എന്ന ലങ്കന്‍ നാവികന്‍ അപ്രതീക്ഷിതമായി തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചത്. രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അംഗരക്ഷകര്‍ ഉടന്‍ തന്നെ ഇയാളുടെ ശ്രമം ചെറുക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു