ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍; വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് പിടിച്ചു; തീവ്രവാദം പ്രോത്സാഹിപ്പിക്കലിനെതിരെ കടുത്ത നടപടി

ടെലഗ്രാം ആപ്ലിക്കേഷന്‍ മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍. പാരിസിലെ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പവേല്‍ അറസ്റ്റിലായിരിക്കുന്നത്. ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ടെലഗ്രാമിന്റെ സഹസ്ഥാപകനും സിഇഒയുമാണ് മുപ്പത്തിയൊമ്പതുകാരനായ പവേല്‍ ദുരോവ്.
ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് കടുത്ത നടപടി.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രാന്‍സിലെ ഏജന്‍സിയായ ഒ.എഫ്.എം.ഐ.എന്‍. ദുരോവിനെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്നു പുലര്‍ച്ചെ പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ലെ ബൂര്‍ഗെറ്റ് വിമാനത്താവളത്തില്‍ വച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്. അസര്‍ബൈജാനില്‍ നിന്ന് തന്റെ സ്വകാര്യ ജെറ്റില്‍ എത്തിയതായിരുന്നു അദേഹം. ദുരോവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം ടെലഗ്രാം നടത്തിയിട്ടില്ല. പാരിസിലെ റഷ്യന്‍ എംബസിയുടെ പ്രതികരണവും അറിവായിട്ടില്ല.

റഷ്യന്‍ വംശജനായ പവേല്‍ ദുരോവ് ദുബായിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ടെലഗ്രാം ആസ്ഥാനവും ദുബായ് ആണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യണ്‍ ഡോളറിന്റെ ആസ്തി ദുരോവിനുണ്ട് എന്നാണ് ഫോബ്സ് കണക്കാക്കുന്നത്. ദുരോവും സഹോദരന്‍ നിക്കോലായും ചേര്‍ന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്. 900 മില്യണ്‍ ആക്റ്റീവ് യൂസര്‍മാര്‍ ടെലഗ്രാമിന് നിലവിലുണ്ട്. ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ദുരോവ് പരാജയപ്പെട്ടുവെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.